പ്രതിഷേധം അടിച്ചമര്‍ത്താന്‍ അതിക്രൂര നടപടികളുമായി മ്യാന്‍മര്‍ പട്ടാളം; അറസ്റ്റിലായവരെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ടു
World News
പ്രതിഷേധം അടിച്ചമര്‍ത്താന്‍ അതിക്രൂര നടപടികളുമായി മ്യാന്‍മര്‍ പട്ടാളം; അറസ്റ്റിലായവരെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 10:55 pm

നയിപിറ്റ്വൊ: പട്ടാള അട്ടിമറിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അതിക്രൂര തന്ത്രങ്ങളുമായി മ്യാന്‍മര്‍ പട്ടാളം. അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പട്ടാളം പുറത്തുവിട്ടു. ആറ് പേരുടെ ചിത്രങ്ങളാണ് പട്ടാളത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ എം.ആര്‍ടിവി പുറത്തുവിട്ടത്.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബോംബ് വെയ്ക്കാന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പട്ടാളം ശനിയാഴ്ച അറസ്റ്റ് ചെയതത്. തുടര്‍ന്ന് ഞായറാഴ്ച എം.ആര്‍ടിവിയില്‍ ഇതേ കുറിച്ചുള്ള വാര്‍ത്തയോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായതിന്റെ പാടുകള്‍ ഇവര്‍ എല്ലാവരുടെയും മുഖത്തും ദേഹത്തും കാണാമായിരുന്നു. മുഖം നിറയെ മുറിവും നീരും ചോരപ്പാടുകളുമുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ പട്ടാളത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ഈ പട്ടാളം പീഡിപ്പിക്കുക എന്നത് തങ്ങളുടെ നയമാക്കി എടുത്തിരിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് ട്വീറ്റ് ചെയ്തു. ഈ മര്‍ദ്ദനത്തോടും കൊലപാതകങ്ങളോടും അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചില്ലെങ്കില്‍ ഇത് ഇനിയും തുടരുമെന്നും ഇവരുടെ ട്വീറ്റില്‍ പറയുന്നു. അറസ്റ്റ് ചെയ്യുന്നവരെ എവിടെയാണ് തടവിലിടുന്നത് എന്ന് പോലും അറിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ പേടിപ്പിക്കാനാണ് മ്യാന്‍മര്‍ പട്ടാളം ശ്രമിക്കുന്നതെന്ന് ഗവേഷകനായ കിം ജോളിഫേ പറഞ്ഞു. ‘തുടക്കം മുതല്‍ അവസാനം വരെ മ്യാന്‍മര്‍ പട്ടാളത്തിന് ഒരൊറ്റ സ്ട്രാറ്റജി മാത്രമേയുളളൂ. നിങ്ങളേക്കാള്‍ ക്രൂരരാകാന്‍ ഞങ്ങള്‍ക്ക് പറ്റും. നിങ്ങളേക്കാള്‍ ഉപദ്രവകാരികളാകാന്‍ ഞങ്ങള്‍ക്ക് പറ്റും. ഈ ഒരൊറ്റ കാര്യം മാത്രമാണ് അവര്‍ക്ക് അറിയാവുന്നതും ചെയ്യുന്നതും. പക്ഷെ ഇതിന് ഒരു നിയന്ത്രണവുമില്ല,’ കിം പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ പട്ടാളം 737 പേരെ കൊന്നെന്നും 3229 പേരെ ജയിലിലടച്ചുവെന്നുമാണ് സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Myanmar military releases photos of protesters after torturing them in prison