1000 കോടിയുടെ വളര്‍ച്ചാ ലക്ഷ്യവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്; ആന്ധ്രയില്‍ 13 പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു
business news
1000 കോടിയുടെ വളര്‍ച്ചാ ലക്ഷ്യവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്; ആന്ധ്രയില്‍ 13 പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 11:51 am

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നോണ്‍ ബാംങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ആന്ധ്ര പ്രദേശില്‍ 13 പുതിയ ബ്രാഞ്ചുകളും വിജയവാഡയില്‍ ഒരു സോണല്‍ ഓഫീസും ആരംഭിച്ചു. പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനം കൊച്ചി ഓഫീസില്‍ നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു.

പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തോടെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 806 ബ്രാഞ്ചുകളായി വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര ഡല്‍ഹി, ഹരിയാന, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ശൃംഖലയും പ്രവര്‍ത്തനവും ശക്തിപ്പെടുത്തുമെന്നും മാത്യു മുത്തൂറ്റ് പറഞ്ഞു.

കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ മേഖലാ ഓഫീസുകള്‍ സ്ഥാപിക്കും. ഓരോ മേഖലാ ഓഫീസിനും കീഴില്‍ എഴുപതിനും നൂറിനുമിടയില്‍ ബ്രാഞ്ചുകളുണ്ടാകും. ക്രമേണ ഇത് നൂറ്റിയന്‍പതായി ഉയര്‍ത്തും. നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ 9 മേഖലാ ഓഫീസുകള്‍ ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനായി എല്ലാ ബ്രാഞ്ചുകളും ഡിജിറ്റലൈസ് ചെയ്തു. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ മാത്രം ബ്രാഞ്ചിലെത്തിയാല്‍ ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാകുകയും ചെയ്യും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ലാഭത്തില്‍ 44 ശതമാനം വര്‍ധനവും ആസ്തിയില്‍ 25 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചെയര്‍പേഴ്സണ്‍ നിസി മാത്യു, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പി.ഇ.മത്തായി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content highlight: Muthoot Mini financiers opened new branches and increased profit