ന്യൂദൽഹി: ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇസ്‌ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്ത കേസിൽ മൗലവിക്ക് ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് അനധികൃത മതപരിവർത്തനം നടത്തിയെന്നാരോപിച്ചുള്ള മൗലവിയുടെ കേസ് പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 504, 506 വകുപ്പുകളും ഉത്തർപ്രദേശിലെ 2021ലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3 യും പ്രകാരമാണ് ഹരജിക്കാരനെതിരെ കുറ്റം ചുമത്തിയത്.
ഗൗരവം കുറഞ്ഞ കുറ്റങ്ങൾക്ക് ജാമ്യം അനുവദിക്കുന്നതിൽ കീഴ്‌ക്കോടതി തങ്ങളുടെ അധികാരം വിനിയോഗിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രത്യേകിച്ചും ആരോപണങ്ങൾ നിർണായകമായ തെളിവുകളോടെ തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും കോടതി പറഞ്ഞു. കേസിൽ ജാമ്യം നൽകാനുള്ള ധൈര്യം കോടതി കാണിച്ചില്ലെന്നും സുപ്രീം കോടതി വിമർശിച്ചു.
ബുദ്ധി വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ നിർബന്ധിച്ച് മതം മാറ്റിയെന്നാണ് ഹരജിക്കാരനെതിരെയുള്ള ആരോപണം. കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി മദ്രസയിൽ താമസിപ്പിച്ച് ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു .
എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ ഉപേക്ഷിച്ചുപോയെന്നും മനുഷ്യത്വപരമായ പരിഗണന കൊണ്ടാണ് കുട്ടിക്ക് അഭയം നൽകിയതെന്നും ഹരജിക്കാരൻ പറഞ്ഞു. മതപരിവർത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം 11 മാസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും വിചാരണ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വിടുതൽ ആവശ്യപ്പെട്ടത്.
വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹരജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
മതപരിവർത്തനം വളരെ ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞ് ജഡ്ജി സ്വന്തം ഇഷ്ടപ്രകാരം ജാമ്യം നിരസിക്കുന്നു. ഹരജിക്കാരനെ വിചാരണ ചെയ്യാൻ പോകുകയാണ്, ആത്യന്തികമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചാൽ അയാൾ ശിക്ഷിക്കപ്പെടും. ഇത് കൊലപാതകമോ മറ്റേതെങ്കിലും ഗുരുതരമായ കുറ്റകൃത്യമോ ആയിരുന്നെങ്കിൽ ജാമ്യം നിരസിക്കാമായിരുന്നു,’ സുപ്രീം കോടതി പറഞ്ഞു.
Content Highlight: ‘Muster Courage’: SC Reprimands Allahabad HC Over Denial of Bail in ‘Conversion’ Case