World News
ആശംസകളുടെ ഉദ്ദേശം സഹവര്‍ത്തിത്വം; ക്രിസ്മസ് ആശംസക്ക് ഇസ്‌ലാമില്‍ വിലക്കില്ല: മുസ്‌ലിം വേള്‍ഡ് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 26, 12:30 pm
Monday, 26th December 2022, 6:00 pm

റിയാദ്: ക്രിസ്മസ് ആശംസകള്‍ നേരുന്നതിന് ഇസ്‌ലാമില്‍ വിലക്കിയിട്ടില്ലെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ്. ക്രിസ്ത്യാനികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതില്‍ നിന്ന് മുസ്‌ലങ്ങളെ വിലക്കുന്ന ഒരു വാചകവും ഇസ്‌ലാമില്‍(ശരിഅത്ത് നിയമം) ഇല്ലെന്ന് വേള്‍ഡ് ലീഗ് സെക്രട്ടറി ഓഫ് ജനറല്‍ ഡോ. മുഹമ്മദ് അല്‍-ഇസ പറഞ്ഞു.

ഒരു അഭിമുഖത്തിനിടെയാണ് ഡോ. മുഹമ്മദ് അല്‍-ഇസയുടെ പ്രതികരണം. ‘അറബ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി അറേബ്യയിലെ മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഇസ്ലാമിക് എന്‍.ജി.ഒയാണ് മുസ്ലിം വേള്‍ഡ് ലീഗ്.

‘ഒരു മതഗ്രന്ഥവും ആശംസകള്‍ നിരോധിക്കുന്നില്ല. ഒരു മുസ്‌ലിം മറ്റൊരു അമുസ്ലിമിനെ അഭിവാദ്യം ചെയ്യുമ്പോള്‍, അവന്‍ മറ്റൊരു വിശ്വാസത്തെ അംഗീകരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. ആശംസകളുടെ ഉദ്ദേശം ലോകത്ത് സഹവര്‍ത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ്.

അനുമാനങ്ങള്‍ക്ക് അനുസരിച്ചല്ല ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കേണ്ടത്. വിഷയത്തിന്റെ അടിസ്ഥാനം നോക്കണം. ഫത്വകള്‍ പുറപ്പെടുവിക്കേണ്ടത് ഇസ്‌ലാമിക ലോകത്തെ മുതിര്‍ന്ന പണ്ഡിതന്മാരാണ്,’ ഡോ. മുഹമ്മദ് അല്‍-ഇസ പറഞ്ഞു.

അതേസമയം, മുസ്‌ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള പ്രസ്താവന ആവര്‍ത്തിച്ച് സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് രംഗത്തെത്തിയത് വിവാദമായിരുന്നു.

ഖുര്‍ആന്‍ സൂക്തങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നത്.

എന്നാല്‍ സക്കീര്‍ നായിക്കിന്റെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

ആഘോഷ വേളകളില്‍ വ്യത്യസ്ത മതങ്ങളിലെ ആളുകള്‍ ആശംസകള്‍ കൈമാറുന്നത് സങ്കുചിത താല്‍പര്യമുള്ളവര്‍ക്ക് മാത്രമെ എതിര്‍ക്കാന്‍ കഴിയൂ എന്നാണ് ആളുകള്‍ പറഞ്ഞിരിക്കുന്നത്. സാക്കിര്‍ നായിക്കിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നാണ് ചിലര്‍ ഇതിനെ പ്രതിരോധിച്ചത്.