national news
ലവ് ജിഹാദ് ആരോപിച്ച് ഉത്തരകാശിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടു; ഒരുവർഷത്തിനിപ്പുറം കോടതി വിധിയുടെ ഉറപ്പില്‍ മുസ്‌ലിം കുടുംബങ്ങള്‍ പ്രദേശത്തേക്ക് മടങ്ങിയെത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 21, 01:50 pm
Sunday, 21st July 2024, 7:20 pm

ഡെറാഡൂണ്‍: കഴിഞ്ഞ വര്‍ഷം ജൂണില്‍ ലവ് ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോലയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധതരായ മുസ്‌ലിം കുടുംബങ്ങള്‍ കോടതി വിധിക്ക് പിന്നാലെ പ്രദേശത്തേക്ക് തിരിച്ചെത്തി തുടങ്ങി. ഉത്തരകാശി കോടതി കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഒരു വര്‍ഷത്തിന് ശേഷം മുസ്‌ലിം കുടുംബങ്ങള്‍ പ്രദേശത്തേക്ക് തിരിച്ചെത്തി തുടങ്ങിയത്.

പൊലീസിന്റെയും പ്രാദേശിക ചാനലുകളുടെയും പിന്തുണയോടെയാണ് കഴിഞ്ഞ വര്‍ഷം ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപിച്ച് പ്രദേശത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചത്. പ്രദേശത്തെ ഒരു മുസ്‌ലിം യുവാവ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ ‘ലവ് ജിഹാദിലൂടെ മതം മാറ്റാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്.

2023 ജൂണില്‍ പ്രാദേശിക ഹിന്ദുത്വ ശക്തികള്‍ പുരോലയിലെ മുസ്‌ലിം നിവാസികളെ ലക്ഷ്യമിടാന്‍ ആരംഭിച്ചു. ഒരു മുസ്‌ലിം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ അതിക്രമിച്ച് കയറി പ്രദേശം വിട്ടുപോകണമെന്ന് അവരെ ഭീഷണിപ്പെടുത്തിയതായും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തല്‍ഫലമായി, നിരവധി കുടുംബങ്ങളാണ് ഒറ്റരാത്രികൊണ്ട് പുരോലയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്.

ഒരു വര്‍ഷത്തിന് ശേഷം, ഇവരില്‍ ചില കുടുംബങ്ങള്‍ തിരിച്ചെത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദുത്വ സംഘടനകളുടെ ആരോപണങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ആരോപണം ഉയര്‍ന്ന പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇവരെ വെറുതെവിട്ടത്. പ്രതികള്‍ തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചെന്ന് മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.

ഇരയായ പെൺകുട്ടി തൻ്റെ ഒരു മൊഴിയിലും കുറ്റാരോപിതരുടെ പേര് പറഞ്ഞിട്ടില്ലെന്നും അത്തരമൊരു സംഭവത്തെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും ജഡ്ജി ഗുർബക്ഷ് സിങ് ചൂണ്ടിക്കാട്ടി.

ഇരയുടെ മൊഴിയനുസരിച്ച്, പ്രതികളാരും തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതികൾക്കെതിരെ മൊഴി നൽകാൻ അവളെ പരിശീലിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ജഡ്ജി വിധിയിൽ എടുത്തുപറഞ്ഞു.

പ്രതികളായ ഉവൈദ് ഖാനും ജിതേന്ദ്ര സൈനിയും വിവാഹത്തിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ഇരയുടെ പിതാവ് ആരോപിച്ചതിനെ തുടർന്നാണ് കേസെടുത്തത്. എന്നാൽ, ആനന്ദ് എന്ന യുവാവ് അവരെ കണ്ടതിനാൽ പദ്ധതി വിജയിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് അവർ രക്ഷപ്പെട്ടെന്നും പൊലീസ് പറ‍ഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്നും ആനന്ദ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ പ്രോസിക്യൂഷൻ സാക്ഷികളും മുന്നോട്ടുപോയതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: Muslim Families Return to Purola After ‘Love-Jihad’ Case Falls Flat in Court