മൂന്നാര്‍ സമരത്തിലെ 'അജ്ഞാതശക്തി' പെണ്‍ തൊഴിലാളികളുടെ സംഘടനാ പാരമ്പര്യം
Daily News
മൂന്നാര്‍ സമരത്തിലെ 'അജ്ഞാതശക്തി' പെണ്‍ തൊഴിലാളികളുടെ സംഘടനാ പാരമ്പര്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2015, 12:51 pm

munnarമൂന്നാറില്‍ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ ഒരേ ശബ്ദത്തില്‍ സമരരംഗത്തിറങ്ങിയപ്പോള്‍ ഇവര്‍ക്കു പിന്നില്‍ ആര് എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും. സമരത്തിനു പിന്നില്‍ ചില തമിഴ് സംഘടനകള്‍ക്കു പങ്കുണ്ടെന്ന ആരോപണങ്ങള്‍ ചിലര്‍ മുന്നോട്ടുവെച്ചെങ്കിലും പ്രതിഷേധങ്ങളെതുടര്‍ന്ന് അവ പിന്‍വലിക്കുകയാണുണ്ടായത്. മൂന്നാര്‍ സമരത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയവരെല്ലാം അതില്‍ പങ്കെടുത്ത ആയിരക്കണക്കിന് സ്ത്രീകളുടെ ഐക്യത്തെയും അവര്‍ക്കിടയിലെ ഏകോപനത്തെയുമാണ് സംശയത്തോടെ നോക്കിയത്.

മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്കിടയിലെ ഐക്യം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നു സമ്മതിക്കാതെ വയ്യ. ആരാണ് അവരെ ഒരുമിപ്പിച്ചു നിര്‍ത്തിയത്, ഏതെങ്കിലും സംഘടനയുടെ പിന്‍ബലമില്ലാതെ ഇത് എങ്ങനെ സാധിക്കും എന്ന ചോദ്യങ്ങളാണ് മൂന്നാര്‍ സമരത്തെ സംശയത്തോടെ നോക്കിക്കാണുന്നവര്‍ ഉന്നയിക്കുന്നത്.

സമരഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകളെ അച്ചടക്കത്തോടെ അണിനിരത്താന്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്കു സാധിച്ചത് അവരുടെ സംഘടനാ പാരമ്പര്യം കൊണ്ടാണ്. സമരത്തില്‍ പങ്കെടുത്ത സ്ത്രീ തൊഴിലാളികള്‍ മിക്കവരും ഇവിടെ നിലനില്‍ക്കുന്ന ട്രേഡ് യൂണിയനുകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ട്രേഡ് യൂണിയന്‍ പിന്‍ബലം വേണ്ടെന്നുറച്ചുകൊണ്ടാണ് സമരരംഗത്തിറങ്ങിയതെങ്കിലും യൂണിയനുകളിലെ സംഘടനാ അനുഭവങ്ങള്‍ സ്ത്രീ തൊഴിലാളികള്‍ക്ക് വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞു.

Munnar-004ബോണസ് ആവശ്യത്തിനുവേണ്ടി സമരം ചെയ്ത് 1958ല്‍ രണ്ടു രക്തസാക്ഷികളെ സൃഷ്ടിച്ച മണ്ണാണ് മൂന്നാറിന്റേത്. പുന്നപ്ര വയലാറിലേയും ഒഞ്ചിയത്തേയും ജനങ്ങളെ വിപ്ലവപാരമ്പര്യം പഠിപ്പിക്കാന്‍ ഒരു മാധ്യമങ്ങളും ശ്രമിക്കാറില്ലല്ലോ! അതേപോലെ ഈ മണ്ണില്‍ക്കുരുത്തവര്‍ക്ക് സമരം ചെയ്യാന്‍ ഒരു തീവ്രവാദ സംഘടനയുടെയും പിന്‍ബലം ആവശ്യമില്ലെന്നാണ് ഇവരില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ടത്.

ആരെയും നേതൃനിരയില്‍ നിര്‍ത്താതെ തൊഴിലാളികളെല്ലാം ഒറ്റക്കെട്ടായി ചെയ്ത സമരമാണിതെങ്കിലും മൂന്നു സ്ത്രീകളുടെ പേരുകളാണ് സമരവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയര്‍ന്നുകേട്ടത്- ലിസി സണ്ണി, ഇന്ദ്രാണി മണികണ്ഠന്‍, ഗോമതി അഗസ്റ്റിന്‍.

ഗോമതി എ.ഐ.ടി.യു.സി പ്രവര്‍ത്തകയും ഇന്ദ്രാണി സി.ഐ.ടി.യു പ്രവര്‍ത്തയുമാണ്. സി.ഐ.ടി.യു വനിതാ നേതാവും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ലിസി. ഇതിനു പുറമേ ഐ.എന്‍.ടി.യു.സി യിലെയും പ്രവര്‍ത്തകര്‍ സമരരംഗത്തുണ്ടായിരുന്നു.

ട്രേഡ് യൂണിയനുകളുടെ അറിവും അനുമതിയും ഇല്ലാതെ തന്നെ യൂണിയനുകളുടെ കീഴ്ഘടകളുമായി സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അവരെ ബോധവത്കരിക്കാനും ഒരുമിച്ചു നിര്‍ത്താനും സ്ത്രീ തൊഴിലാളികള്‍ക്കായി.

rakthasakshi-mandapamഅതിനു ഏറെ അനുകൂലമായ സാഹചര്യമായിരുന്നു തൊഴിലാളികള്‍ക്കു മുമ്പിലുള്ളത്. കമ്പനിയുടെ ഒരു എസ്റ്റേറ്റിനു കീഴിലെ ഡിവിഷനുകളിലുള്ള തൊഴിലാളികല്‍ താമസിച്ചിരുന്നത് ഒരേ ലയങ്ങളിലാണ്. പലരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. കൂടാതെ കുടുംബശ്രീയിലൂടെയും മറ്റും കെട്ടിപ്പെടുത്തിയ ബന്ധങ്ങളും ഗുണകരമായി. ആ അടുപ്പം സമരരംഗത്തും പ്രതിഫലിച്ചു.

തൊഴിലാളികള്‍ക്കിടയിലെ ഐക്യം അവരെ ഒറ്റക്കെട്ടായി സമരഭൂമിയില്‍ എത്തിച്ചു. സമരസ്ഥലത്തേക്ക് തൊഴിലാളികളെ കൂട്ടാന്‍ പ്രത്യേക പരിശ്രമങ്ങളൊന്നും വേണ്ടിവന്നില്ല. ഓരോ ഡിവിഷനുകളിലുമുളള തൊഴിലാളികള്‍ ഒരുമിച്ച് സമരരംഗത്തേക്ക് എത്തി.

സമരരംഗത്ത് ഉയര്‍ന്നുകേള്‍ക്കേട്ട മുദ്രാവാക്യം തയ്യാറാക്കാന്‍ ഇവര്‍ക്ക് ആരുടെയും സഹായം ആവശ്യമായി വന്നില്ല. കാലാകാലങ്ങളായി നേരിടുന്ന അടിച്ചമര്‍ത്തലും അനുഭവങ്ങളും നിരാശകളും പ്രതീക്ഷകളും മുദ്രാവാക്യത്തിന്റെ രൂപത്തില്‍ സമരഭൂമിയില്‍ ഉയര്‍ന്നു കേട്ടു. സംഘടനാ പാരമ്പര്യത്തില്‍ നിന്നും അവര്‍ ഈണങ്ങള്‍ കണ്ടെത്തി. ഈ മുദ്രാവാക്യങ്ങളും അവ ഉയര്‍ന്നു കേള്‍ക്കുന്ന രീതിയും കണ്ടാലറിയാം ഈ സ്ത്രീകളുടെ സമരപാരമ്പര്യം.

ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന ബോധ്യം സമരഭൂമിയിലുണ്ടായിരുന്ന ഓരോ സ്ത്രീയ്ക്കും ഉണ്ടായിരുന്നു. ആ ആവശ്യത്തിനു മുമ്പില്‍ അവര്‍ വിശപ്പും ദാഹവും പ്രശ്‌നങ്ങളുമെല്ലാം മറന്നു.

യൂണിയനുകളുടെ ഭാഗമായതിനാല്‍ തന്നെ യൂണിയനുകള്‍ തങ്ങള്‍ക്കുവേണ്ടി എന്താണ് ഇത്രയും കാലം ചെയ്തതെന്ന് അവര്‍ക്കറിയാം. തങ്ങളുടെ വിലാപങ്ങള്‍ കേള്‍ക്കാത്ത യൂണിയനുകളെ അവര്‍ സമരത്തില്‍ നിന്ന് അകറ്റി.

തങ്ങളുടെ സമരം ന്യായമാണെന്ന ബോധ്യം തൊഴിലാളികള്‍ക്കിടയില്‍ മാത്രമല്ല, പ്രദേശവാസികളിലും മാധ്യമങ്ങളിലും എന്തിന് കേരളീയരില്‍ മുഴുവന്‍ പകര്‍ന്നുനല്‍കാന്‍ ഇവര്‍ക്കു കഴിഞ്ഞു. പ്രദേശത്തെ വ്യാപാരികളില്‍ നിന്നും ശക്തമായ പിന്തുണയാണ് സമരഭൂമിയിലുള്ളവര്‍ക്ക് ലഭിച്ചത്. സമരക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വ്യാപാരികള്‍ എത്തിച്ചു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു ദിവസം കടകള്‍ അടച്ചിട്ട് സമരരംഗത്തേക്കിറങ്ങാനും അവര്‍ തീരുമാനിച്ചിരുന്നു.