തോറ്റു തോറ്റു തോൽവിക്കും മടുത്തു! 16 വർഷത്തെ ഐ.പി.എൽ ചരിത്രത്തിലെ ആദ്യ ടീം; നാണക്കേടിന്റെ റെക്കോഡിൽ മുബൈ
Cricket
തോറ്റു തോറ്റു തോൽവിക്കും മടുത്തു! 16 വർഷത്തെ ഐ.പി.എൽ ചരിത്രത്തിലെ ആദ്യ ടീം; നാണക്കേടിന്റെ റെക്കോഡിൽ മുബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th May 2024, 7:49 am

ഐ.പി.എല്ലിലെ 74ാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിനാണ് രാഹുലും കൂട്ടരും പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഈ തോല്‍വിക്ക് പിന്നാലെ ഈ സീസണില്‍ വെറും നാലു വിജയത്തോടെ എട്ടു പോയിന്റുമായി സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ഇതോടെ മറ്റൊരു മോശം നേട്ടവും മുംബൈയെ തേടിയെത്തി.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ രണ്ട് സീസണില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ആദ്യ ടീം എന്ന മോശം നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്. ഇതിനുമുമ്പ് 2022ല്‍ ആയിരുന്നു മുംബൈ പത്താം സ്ഥാനത്ത് എത്തിയത്. 2022 സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും നാല് വിജയവും 10 തോല്‍വിയും അടക്കം എട്ട് പോയിന്റോടെയാണ് മുംബൈ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനായി നിക്കോളാസ് പൂരനും നായകന്‍ കെ.എല്‍ രാഹുലും മികച്ച പ്രകടനമാണ് നടത്തിയത്. 29 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു പൂരന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും എട്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് മൂന്നു വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 41 പന്തില്‍ 55 റണ്‍സ് നേടി രാഹുലും നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ പീയൂഷ് ചൗള, നുവാന്‍ തുഷാര എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ 38 പന്തില്‍ 68 റണ്‍സും നമന്‍ ദീര്‍ 28 പന്തില്‍ 62 റണ്‍സും നേടി കരുത്ത് കാട്ടിയെങ്കിലും 18 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

സൂപ്പര്‍ ജയന്റ്‌സിനായി രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ, മോഹ്സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: Mumbai Indians create a unwanted record in IPL