ഇഞ്ചുറി ടൈം ഗോള്‍; മുംബൈയെ സമനിലയില്‍ തളച്ച് ഹൈദരാബാദ്
Football
ഇഞ്ചുറി ടൈം ഗോള്‍; മുംബൈയെ സമനിലയില്‍ തളച്ച് ഹൈദരാബാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th October 2023, 8:22 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി – ഹൈദരാബാദ് എഫ്.സി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്‌ബോള്‍ അറീനയില്‍
നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് മുംബൈ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 ശൈലിയിലായിരുന്നു ഹൈദരാബാദിന്റെ പോരാട്ടം.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ മുംബൈ ഗോള്‍ കീപ്പര്‍ ഫുര്‍ബ ലചെന്‍പ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. പിന്നീട് മുംബൈ പത്ത് പേരായി ചുരുങ്ങുകയായിരുന്നു. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇരുടീമിനും ഗോള്‍ നേടാനായില്ല.

രണ്ടാം പകുതിയില്‍ 76ാം മിനിട്ടിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ ഓണ്‍ ഗോളിലൂടെ മുംബൈ ആണ് ആദ്യം ലീഡ് നേടിയത്. ഹൈദരാബാദിന്റെ മുന്നേറ്റം ബോക്‌സില്‍ നിന്നും ക്ലിയര്‍ ചെയ്യുന്നതിനിടെയുള്ള പിഴവിലൂടെയാണ് ഗോള്‍ വന്നത്.

എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇഞ്ചുറി ടൈമില്‍ ഹൈദരാബാദ് മറുപടി ഗോള്‍ നേടുകയായിരുന്നു. മുംബൈ താരം ജോസ് ലൂയിസ് എസ്പിനോസ അരോയുടെ ഡിഫ്ളക്ഷനിലൂടെ ഓണ്‍ ഗോള്‍ ആവുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-1 എന്ന നിലയില്‍ ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു.

ഈ സീസണില്‍ ആദ്യ വിജയം സ്വന്തമാക്കാന്‍ ഹൈദരാബാദിന് ഇതുവരെ സാധിച്ചിട്ടില്ല. മൂന്ന് തോല്‍വിയും ഒരു സമനിലയുമായി വെറും ഒരു പോയിന്റ് മാത്രമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

അതേസമയം രണ്ട് വിജയവും രണ്ട് സമനിലയുമടക്കം അഞ്ചാം സ്ഥാനത്താണ് മുംബൈ.

Content Highlight: Mumbai City FC and Hyderabad FC draw in ISL.