തീവ്രവാദ ഫണ്ടിംഗ് കേസ്; ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസിലുള്‍പ്പെടെ ജമ്മുകശ്മീരില്‍ 40 ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
national news
തീവ്രവാദ ഫണ്ടിംഗ് കേസ്; ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസിലുള്‍പ്പെടെ ജമ്മുകശ്മീരില്‍ 40 ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th August 2021, 8:53 am

ന്യൂദല്‍ഹി: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ജമ്മു കശ്മീരിലെ 14 ജില്ലകളില്‍ റെയ്ഡ് നടത്തി. 40 ഓളം സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമാഅത്തെ ഇസ്‌ലാമിയിലെ മുതിര്‍ന്ന ചില അംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2019 ല്‍ ജമാഅത്തെ ഇസ്‌ലാമിയെ ജമമ്ുകശ്മീരില്‍ നിരോധിച്ചിരുന്നു. അതിനുശേഷം, സംഘടനയുടെ നേതാക്കളില്‍ പലരും അറസ്റ്റിലായി.

നിരോധിത സംഘടനയിലെ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സംഭാവനകള്‍ ശേഖരിക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ ഈ ഫണ്ടുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എന്‍.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി സമാഹരിച്ച ഫണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍-ഇ-ത്വയ്ബ തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകര സംഘടനകളിലേക്കും മറ്റുള്ളവരുടെ സംഘടിത ശൃംഖലകളിലൂടെയും കൈമാറുന്നെന്നും എന്‍.ഐ.എ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ എന്‍.ഐ.എ നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്.

കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ നിരോധിക്കപ്പെട്ട അസോസിയേഷന്റെ ഭാരവാഹികള്‍, അതിന്റെ അംഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവ ഉള്‍പ്പെടുന്നെന്നും റെയ്ഡില്‍ വിവിധ കുറ്റകരമായ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തെന്നും എന്‍.ഐ.എ പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Multiple Raids In J&K In Massive Crackdown In Terror Funding Case