Advertisement
Entertainment
ശക്തിമാന്‍ എന്ന കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആളല്ല, ഇപ്പോഴത്തെ ശക്തിമാന്‍ ഞാനാണ്: മുകേഷ് ഖന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 14, 12:02 pm
Thursday, 14th November 2024, 5:32 pm

90s കിഡ്‌സിന്റെ പ്രിയപ്പെട്ട നൊസ്റ്റാള്‍ജിയകളിലൊന്നാണ് ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ. ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യപ്പെട്ട സീരിയല്‍ കണ്ട് വളര്‍ന്നവരാണ് 90കളില്‍ ജനിച്ച പലരും. ഗംഗാധര്‍, ശക്തിമാന്‍ എന്നീ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടനാണ് മുകേഷ് ഖന്ന. പഴയ സീരിയലിന്റെ തീം സോങ് മുകേഷ് ഖന്നയെ വെച്ച് വീണ്ടും ചിത്രീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോയെ വെച്ച് മുഴുനീള സിനിമ വരുന്നുണ്ടെന്ന് അതിന്റെ നിര്‍മാതാക്കള്‍ അനൗണ്‍സ് ചെയ്തിരുന്നു രണ്‍വീര്‍ സിങ് ശക്തിമാനായി വേഷമിടുമെന്നും ആ ചിത്രം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശക്തിമാന്‍ എന്ന കഥാപാത്രമായി താന്‍ തിരിച്ചുവരുമെന്നുള്ള മുകേഷ് ഖന്നയുടെ ട്വീറ്റ് സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു.

ശക്തിമാന്റെ തീം സോങ് മുകേഷ് ഖന്നയെ വെച്ച് റീമേക്ക് ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുകേഷ് ഖന്ന നടത്തിയ പത്രസമ്മേളനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ശക്തിമാന്‍ എന്ന കഥാപാത്രമാകാന്‍ മുകേഷ് ഖന്നയുടെ സമ്മതത്തിന് വേണ്ടി രണ്‍വീര്‍ സിങ്ങിനെ മുകേഷ് ഖന്നയുടെ ഓഫീസില്‍ രണ്ടര മണിക്കൂര്‍ കാത്തുനിര്‍ത്തിയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

താന്‍ ആരെയും കാത്തുനിര്‍ത്തിയിട്ടില്ലെന്നും രണ്‍വീറും താനും തമ്മില്‍ ഒരുപാട് നേരം സംസാരിച്ചതാണെന്നും മുകേഷ് ഖന്ന പറഞ്ഞു. ശക്തിമാന്‍ എന്ന കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കാന്‍ താന്‍ ആളല്ലെന്നും അതെല്ലാം നിര്‍മാതാക്കളാണ് തീരുമാനിക്കേണ്ടതെന്നും മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒരു ശക്തിമാന്‍ മാത്രമേ നിലവിലുള്ളൂവെന്നും അത് താനാണെന്നും മുകേഷ് പറഞ്ഞു. ഇനി വരുന്നയാള്‍ ആരാകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രണ്‍വീര്‍ സിങ്ങിനെ എന്റ ഓഫീസില്‍ രണ്ടരമണിക്കൂര്‍ വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് നിങ്ങള്‍ പറയുന്നത് കേട്ടു. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഞാനാഗ്രഹിക്കുന്നു. രണ്‍വീറിനെ ഞാന്‍ വെയിറ്റ് ചെയ്യിച്ചിട്ടില്ല. അയാള്‍ എന്റെ ഓഫീസില്‍ വന്നു, ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. പക്ഷേ അയാള്‍ ശക്തിമാനാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനല്ല, പ്രൊഡ്യൂസറാണ്.

എല്ലാകാലത്തും നിര്‍മാതാവാണ് നടനെ കാസ്റ്റ് ചെയ്യുന്നത്. നടന്‍ നിര്‍മാതാവിനെയല്ല കാസ്റ്റ് ചെയ്യുന്നത്. അസാധ്യ നടനാണ് രണ്‍വീര്‍ സിങ്. അയാള്‍ക്ക് നല്ല പൊട്ടന്‍ഷ്യലുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ ഒരൊറ്റ ശക്തിമാന്‍ മാത്രമേയുള്ളൂ. അത് ഞാനാണ്. അടുത്തയാള്‍ ആരാണെന്ന് എനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് ഞാനല്ല,’ മുകേഷ് ഖന്ന പറഞ്ഞു.

Content Highlight: Mukesh Khanna clarifies that he can’t decide who will play Shakthimaan character