2007ലെ ലോകകപ്പിന്റെ എല്ലാ ക്രഡിറ്റും അവന് അവകാശപ്പെട്ടതാണ്; മുന്‍ ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മുഹമ്മദ് കൈഫ്
Sports News
2007ലെ ലോകകപ്പിന്റെ എല്ലാ ക്രഡിറ്റും അവന് അവകാശപ്പെട്ടതാണ്; മുന്‍ ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 3:30 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2024 ടി-20 ലോകകപ്പിന്റെ ആവേശത്തിലാണ്. ലോകകിരീടം ചൂടാന്‍ 20 ടീമുകളാണ് ഈ തവണ അമേരിക്കയിലും വെസ്റ്റ് ഇന്ഡീസിലുമായി ഇറങ്ങിയത്. 2007ല്‍ എം.എസ്. ധോണിയുടെ നേതൃത്വത്തിവലീണ് ഇന്ത്യക്ക് ആദ്യമായി ടി-20 ലോകകപ്പ് ലഭിക്കുന്നത്.

ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇപ്പോള്‍ ഫൈനല്‍ മത്സരത്തിലെ ഓര്‍മ്മകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അവസാന നിമിഷത്തില്‍ ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ മലയാളി താരം ശ്രീശാന്തിന്റെ തകര്‍പ്പന്‍ ക്യാച്ചിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു കൈഫ്.

‘അത് ഒരു ലളിതമായ ക്യാച്ചായിരുന്നു, പക്ഷേ അവസ്ഥ സാധാരണമായിരുന്നില്ല. ഇത് ലോകകപ്പിന്റെ ഫൈനല്‍ ആയിരുന്നു, അത്തരം നിമിഷങ്ങള്‍ക്ക് ഒരു ക്രിക്കറ്ററെ തകര്‍ക്കാനും ഉയര്‍ത്താനും സാധിക്കും. ശ്രീശാന്ത് ഞരമ്പ് മുറുക്കിപ്പിടിച്ചു. എല്ലാ ക്രെഡിറ്റ് അദ്ദേഹത്തിനാണ്,’ മുഹമ്മദ് കൈഫ് പറഞ്ഞു.

2007ലെ ഫൈനലിന്റ അവസാന ഓവറില്‍ മൂന്നാം പന്തില്‍ ഫൈന്‍ ലെഗിലേക്ക് അടിച്ച മിസ്ബ ഉള്‍ഹക്കിന്റെ ഷോട്ട് ശ്രീശാന്ത് കൈപ്പിടിയില്‍ ആക്കുകയായിരുന്നു. ഈ ക്യാച്ചാണ് ഇന്ത്യയെ ആദ്യ ടി-20 ലോക കിരീടത്തിലേക്ക് നയിച്ചത്.

അതേസമയം രണ്ടാം ടി-20 കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിലെ 60 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പിന്റെ പോരാട്ട ഭൂമിയിലേക്ക് ഇറങ്ങുന്നത്. ജൂണ്‍ അഞ്ചിനാണ് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

 

Content highlight: Muhammad Kaif Talking About Sreeshanth