ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ എം.ടി വാസുദേവന്‍ നായര്‍. ഒരു രാജ്യം, ഒരു ഭാഷ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിലെ നോട്ടം എന്ന കോളത്തിലാണ് എം.ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദിയടക്കം ഒട്ടേറെ ഭാഷകള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനില്‍ക്കണം. ഒരു ഭാശമാത്രം മതി, ഒരു ദേശം മാത്രം മതി, ഒരു ഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന് എം.ടി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സോവിയറ്റ് യൂണിയനില്‍ എല്ലായിടത്തും റഷ്യന്‍ ഭാഷ മാത്രം മതി എന്ന തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ കസഖ്സ്ഥാന്‍ വിട്ടുപിരിഞ്ഞത്. തങ്ങളുടെ ഭാഷയെ കൊന്നുകളയുന്നതിലുള്ള പ്രതിഷേധത്തില്‍ നിന്നാണ് കസഖ്സ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ധാതുഖനന പ്രശ്‌നമടക്കമുള്ള കാര്യങ്ങള്‍ ഇതിനൊപ്പമുണ്ടെങ്കിലും പ്രധാന പ്രശ്‌നം ഭാഷയെ തകര്‍ക്കാനുള്ള ശ്രമം തന്നെയായിരുന്നു. ഈ നീക്കത്തിന് സമാനമാണ് ഇപ്പോള്‍ ഇവിടെയുയരുന്ന ഹിന്ദി ഭാഷാവാദവുമെന്നും എം.ടി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹിന്ദി വളരെ വലിയ ഭാഷയാണ്. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദിക്ക് പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകള്‍ സജീവമായുണ്ട്. ഓരോ ഭാഷയിലും മികച്ച എഴുത്തുകാരുണ്ടെന്നും എം.ടി പറഞ്ഞു. രാജ്യമൊട്ടാകെ ഹിന്ദി മതി എന്നൊരു വാദം മുന്‍പൊരിക്കല്‍ വന്നെങ്കിലും കനത്ത എതിര്‍പ്പുകളെ തുടര്‍ന്ന് ആ ശ്രമം പരാജയപ്പെട്ടു. പണ്ടു നമ്മുടെ ഗ്രാമങ്ങളിലെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഹിന്ദി പഠിക്കുകയും പ്രചരിക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ സ്വയം ഹിന്ദി പഠിക്കുകയും ഒഴിവുള്ള സമയത്ത് ഗ്രാമങ്ങളില്‍ ഹിന്ദി ക്ലാസ്സുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു ആ ഹിന്ദി പഠനം. എന്നാല്‍ ഇന്ന് അങ്ങനെയല്ല, കാലം മാറിയെന്നും എം.ടി പറഞ്ഞു.
തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം ഇന്നു ഭാഷാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക ഭാഷയും സംസ്‌കാരവും ഇത്രത്തോളം വികസിതമായ ഇന്ത്യ പോലൊരു രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ‘ഹിന്ദി’ കൊണ്ടേ കഴിയൂ എന്ന വാദത്തിന്റെ നിരര്‍ത്ഥകത നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.