Advertisement
CAA Protest
'പകപോക്കുന്ന സമീപനം ഞങ്ങള്‍ക്കില്ല'; സിനിമാ താരങ്ങള്‍ക്കെതിരായ സന്ദീപ് വാര്യരുടെ പ്രസ്താവന തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 26, 05:56 am
Thursday, 26th December 2019, 11:26 am

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍ക്കെതിരായ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയെ തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം. പ്രതികരണം വ്യക്തിപരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണ്. പാര്‍ട്ടി നിലപാടായി കാണേണ്ടതില്ല. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോടു പകപോക്കുന്ന സമീപനം ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് നേരെ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്‍കം ടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അന്ന് നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല,’ സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സന്ദീപ് വാര്യരുടെ പരാമര്‍ശത്തിന് നേരെ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധവുമായെത്തിയത്.

സന്ദീപിനു മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.