Advertisement
Sports News
അവനൊരു ബാറ്ററോ ബൗളറോ അല്ല, ടീമില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നു; പല തവണ രക്ഷകനായവനെ കുറിച്ച് മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 28, 02:46 am
Saturday, 28th December 2024, 8:16 am

 

ഇന്ത്യന്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനത്തെ കുറിച്ച് ചോദ്യമുയര്‍ത്തി മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. നിതീഷ് കുമാര്‍ ഒരു കംപ്ലീറ്റ് ബാറ്ററോ കംപ്ലീറ്റ് ബൗളറോ അല്ലെന്ന് പറഞ്ഞ പ്രസാദ്, താരം ടീമില്‍ കണ്‍ഫ്യൂഷനുണ്ടാക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

നിതീഷ് കുമാറിന് പകരം മറ്റേതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് താരത്തെ ടീമിന്റെ ഭാഗമാക്കണമെന്നും പ്രസാദ് പറഞ്ഞു. മത്സരത്തിന്റെ രണ്ടാം ദിവസം കമന്ററിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

‘നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യന്‍ ടീമില്‍ കണ്‍ഫ്യൂഷനുണ്ടാക്കുകയാണ്. അവനൊരു കംപ്ലീറ്റ് ബൗളറോ ബാറ്ററോ അല്ല, ഇവന്റെ ഈ സ്‌കില്ലുകള്‍ ഉപയോഗിച്ച് ഇന്ത്യയ്ക്ക് ഒരിക്കലും മത്സരം വിജയിക്കാന്‍ സാധിക്കില്ല. മറ്റേതെങ്കിലും ഒരു സ്‌പെഷ്യലിസ്റ്റ് താരത്തെ ടീമിന്റെ ഭാഗമാക്കുന്നതാണ് നല്ലത്.

നാലാം ടെസ്റ്റില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമാകണമെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ബാറ്റിങ്ങിനെ കുറിച്ചാണ് മാനേജ്‌മെന്റ് ചിന്തിച്ചത്, വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. രണ്ട് സ്പിന്നര്‍മാരുടെ ഒരാവശ്യവും ഇല്ല. ഹര്‍ഷിത് റാണയോ പ്രസിദ്ധ് കൃഷ്ണയോ ഒരു മികച്ച ഓപ്ഷനാകുമായിരുന്നു,’ പ്രസാദ് പറഞ്ഞു.

ഈ പരമ്പരയില്‍ പല സൂപ്പര്‍ താരങ്ങളേക്കാളും മികച്ച പ്രകടനമാണ് നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പെര്‍ത്തിലെ ആദ്യ ഇന്നിങ്‌സില്‍ 59 പന്തില്‍ 41 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 38 റണ്‍സും സ്വന്തമാക്കി.

രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും 42 റണ്‍സ് വീതമാണ് താരം ഇന്നിങ്‌സിലേക്ക് ചേര്‍ത്തുവെച്ചത്. രണ്ട് ഇന്നിങ്‌സിലേയും ടോപ് സ്‌കോറര്‍ നിതീഷ് തന്നെയായിരുന്നു.

രോഹിത്തും വിരാടും പന്തും അടക്കമുള്ള വലിയ പേരുകാര്‍ പരാജയപ്പെട്ടിടത്താണ് നിതീഷ് ചെറുത്തുനിന്നത്. ഇന്ത്യ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയതും നിതീഷിന്റെ ചെറുത്തുനില്‍പ്പിലാണ്.

ബ്രിസ്‌ബെയ്‌നില്‍ 16 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചതെങ്കിലും താരം നേരിട്ട 61 പന്തുകള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.

ബോക്‌സിങ് ഡേ ടെസ്റ്റിലും താരം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തുന്നത്. മൂന്നാം ദിനം ലഞ്ചിന് ശേഷം ബാറ്റിങ് തുടരുന്ന ഇന്ത്യ 80 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 261 എന്ന നിലയിലാണ്. 74 പന്തില്‍ 44 റണ്‍സുമായി നിതീഷ് കുമാറും 56 പന്തില്‍ 18 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

 

Content Highlight: MSK Prasad questions Nitish Kumar’s Reddy’s place in playing eleven