ഓഡിയോഗ്രഫി രംഗത്ത് കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് എം.ആര്‍ രാജകൃഷ്ണന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. 2019ല്‍ രംഗസ്ഥലം എന്ന ചിത്രത്തിലെ ഓഡിയോഗ്രഫിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. നാല് തവണ സംസ്ഥാന അവാര്‍ഡും രാജകൃഷ്ണന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രഭാസ് നായകനായ കല്‍ക്കിയുടെ ഓഡിയോഗ്രഫി നിര്‍വഹിച്ചതും രാജകൃഷ്ണനായിരുന്നു.
തന്റെ കരിയറിനെ മാറ്റിമറിച്ച സിനിമയാണ് കാന്താരയെന്ന് പറയുകയാണ് രാജകൃഷ്ണന്‍. കാന്താരക്ക് മുമ്പ് പല ഭാഷകളിലും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ഐഡന്റിറ്റി ഉണ്ടാക്കി തന്നത് കാന്താരയാണെന്ന് രാജകൃഷ്ണന്‍ പറഞ്ഞു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കിറിക് പാര്‍ട്ടിയുടെ ഓഡിയോഗ്രഫി ചെയ്തത് താനാണെന്നും അയാള്‍ നല്ല സംവിധായകനാണെന്ന് അന്നേ മനസിലായെന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ആ സിനിമയുടെ റഫ് കോപ്പി റിഷബ് തന്നെ കാണിച്ചെന്നും അതില്‍ തന്നെ ക്ലൈമാക്‌സ് കണ്ട് താന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലായെന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കാന്താരയിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവാര്‍ഡിന്റെ മേലെ തനിക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് താന്‍ റിഷബ് ഷെട്ടിയോട് പറഞ്ഞെന്നും രാജകൃഷ്ണന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ കരിയറിനെ മാറ്റിമറിച്ച സിനിമയാണ് കാന്താര. അതിന് മുമ്പ് പല ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും കാന്താരക്ക് ശേഷമാണ് എന്റെ പേര് ആളുകള്‍ക്ക് പരിചിതമാകുന്നത്. ആ സിനിമയിലേക്ക് ഞാന്‍ ഇന്‍ ആവുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. എന്നെ വിഷ്വലി കണക്ട് ചെയ്യുന്ന സിനിമകള്‍ മാത്രമേ ഞാന്‍ തെരഞ്ഞെടുക്കാറുള്ളൂ.
കാന്താരയുടെ പാച്ച് വര്‍ക്കെല്ലാം കഴിഞ്ഞ് റിഷബ് കൊച്ചിയില്‍ എനിക്ക് വേണ്ടി മാത്രം ഒരു സ്‌ക്രീനിങ് അറേഞ്ച് ചെയ്യുകയായിരുന്നു. തുടക്കമൊക്കെ സാധാരണപോലെ പോയ സിനിമ റിഷബിന്റെ ഇന്‍ട്രോ മുതല്‍ എന്നെ ഹുക്ക് ചെയ്തു. പിന്നീട് ഞാന്‍ ആ സിനിമയുടെ ഉള്ളിലേക്കായി.
പടം കഴിഞ്ഞ് എണീറ്റപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ടേബിളില്‍ അടിച്ച് ഞാന്‍ റിഷബിനോട് ‘ഈ സിനിമയിലെ അഭിനയത്തിന് നിങ്ങള്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ആ അവാര്‍ഡിന്റെ മേലെയുള്ള എന്റെ വിശ്വാസം പോകും’ എന്ന് പറഞ്ഞു. അദ്ദേഹം നല്ല ഡയറക്ടറാണെന്ന് കിറിക് പാര്‍ട്ടി മുതല്‍ അറിയാമായിരുന്നു. പക്ഷേ ഇത്ര വലിയ നടനാണെന്ന് കാന്താര കണ്ടപ്പോള്‍ മനസിലായി,’ രാജകൃഷ്ണന്‍ പറഞ്ഞു.
Content Highlight: MR Rajakrishnan about Kantara and Rishab Shetty