കരിയര്‍ ഗൈഡന്‍സിനായി 85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നു; റിപ്പോര്‍ട്ട്
national news
കരിയര്‍ ഗൈഡന്‍സിനായി 85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 9:04 pm

ന്യൂദല്‍ഹി: കരിയര്‍ ഗൈഡന്‍സിനായി 85 ശതമാനത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.

2024ലെ വാര്‍ഷിക വിദ്യാര്‍ത്ഥി ക്വസ്റ്റ് സര്‍വേ, കരിയര്‍, കോളേജ് കൗണ്‍സിലിങ്ങിലെ പ്രവണതകള്‍ എന്ന വിഷയത്തില്‍ ഐ.സി.ത്രീ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്‌ളെയിം യുണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഒമ്പത് മുതല്‍ പ്ലസ് ടുവരെയുള്ള 2200 വിദ്യാര്‍ത്ഥികളുടെയും 56 രാജ്യങ്ങളിലായുള്ള 35656 കൗണ്‍സിലര്‍മാരുടെയും പ്രതികരണങ്ങളാണ് ഈ റിപ്പോര്‍ട്ടിനടിസ്ഥാനം.

നിലവിലുള്ള കൗണ്‍സിലിങ് രീതികളിലെ പ്രശ്‌നങ്ങള്‍ നികത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കരിയറിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിനെയുമാണ് പഠനം ലക്ഷ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ അവരുടെ കരിയറിനുവേണ്ടി ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും 62 ശതമാനത്തോളം കൗണ്‍സിലര്‍മാര്‍ അവരുടെ ജോലിയില്‍ എ.ഐ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോലിഭാരം കുറയ്ക്കാനും ഉപന്യാസം എഴുതാനും കരിയര്‍ ഗവേഷണത്തിനായും യൂണിവേഴ്‌സിറ്റി സെലക്ഷനുകള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും എ.ഐയുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.

എ.ഐയുടെ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലെന്ന പോലെ കൗണ്‍സിലര്‍മാര്‍ക്കും അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണെന്നും പല തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യക്ഷമമാകണമെന്നും അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നതിനോടൊപ്പം പതിനാറ് ശതമാനത്തോളം പേര്‍ക്ക് സാങ്കേതിക പരിശീലനത്തിന്റെ അഭാവമുണ്ടെന്നും പറയുന്നു.

കൃത്യമായ സേവനങ്ങളും വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവും വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ നാവിഗേറ്റ് ചെയ്യാനും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ സാധ്യതകളിലേക്കെത്തിക്കാനും കഴിയുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം വിദ്യാര്‍ത്ഥികളുടെ കരിയര്‍ സംബന്ധമായ ആവശ്യങ്ങള്‍ കൗണ്‍സിലിങ് സമീപനവുമായി പൊരുത്തപ്പെടുന്നുവെന്നും കൗണ്‍സിലിങ്ങിലൂടെ വിദ്യാര്‍ത്ഥികളുടെ അഭിനിവേശം, ഉദ്ദേശ്യം, അഭിരുചി, കഴിവ് എന്നിവയെ തിരിച്ചറിയാന്‍ കഴിയുമെന്നും ഫ്‌ളെയിം യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlight: More than 85 percent of students use AI tools for career guidance; Report