തിലകനേയും ജഗതിയേയും ഔട്ടാക്കാന്‍ നോക്കി, സവര്‍ണ്ണ ഹൈന്ദവതയുടെ പ്രതീകമായി വര്‍ഗീയത വിറ്റഴിക്കാന്‍ നോക്കി, എന്താണ് മറുപടി; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
Movie Day
തിലകനേയും ജഗതിയേയും ഔട്ടാക്കാന്‍ നോക്കി, സവര്‍ണ്ണ ഹൈന്ദവതയുടെ പ്രതീകമായി വര്‍ഗീയത വിറ്റഴിക്കാന്‍ നോക്കി, എന്താണ് മറുപടി; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th July 2021, 5:52 pm

 

കൊച്ചി: നടന്‍ തിലകനേയും ജഗതി ശ്രീകുമാറിനെയും ചലച്ചിത്ര മേഖലയില്‍ നിന്ന് പുറത്താക്കാന്‍ നോക്കിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മോഹന്‍ലാല്‍. കുറച്ച് വര്‍ഷം മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇത്തരം ആരോപണങ്ങളോടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

താങ്കള്‍ തിലകനെ ഔട്ടാക്കാന്‍ ശ്രമിക്കുന്നു. ജഗതിയെ ഔട്ടാക്കാന്‍ ശ്രമിക്കുന്നു. അതുപോലെ സവര്‍ണ്ണ ഹൈന്ദവതയുടെ പ്രതീകമായി വര്‍ഗീയത വിറ്റഴിക്കുന്നു. ഇത്തരം കാര്യങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനാണ് മോഹന്‍ലാലിന്റെ മറുപടി.

‘ഞാന്‍ ഇതിനൊന്നും മറുപടി പറയില്ല. കാരണം ഇതൊരു മറുപടി അര്‍ഹിക്കാത്ത കാര്യമാണ്. തിലകന്‍ ചേട്ടനുമൊത്ത് ഏറ്റവും അധികം നല്ല സിനിമകള്‍ ചെയ്തിട്ടുള്ളയാളാണ് ഞാന്‍. കീരിടവും സ്ഫടികവും അതുപോലെ എത്രയെത്ര സിനിമകള്‍. അദ്ദേഹത്തേയും എന്നെയും താരതമ്യപ്പെടുത്താന്‍ പോലും പറ്റില്ല. തിലകന്‍ ചേട്ടന്‍ എത്രയോ ഉയര്‍ന്ന റോളുകള്‍ ചെയ്ത ആളാണ്.

ഞാന്‍ ചെയ്യുന്ന ഒരു റോളും അദ്ദേഹത്തിന് ചെയ്യാന്‍ പറ്റില്ല. അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കും കഴിയില്ല. പിന്നെ ആ ഒരു കാലഘട്ടതിന് ശേഷം അത്തരം ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ച് ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങള്‍ ഞങ്ങള്‍ക്ക് പിന്നീട് കിട്ടിയില്ല.

അതുപോലെതന്നെ ജഗതി ശ്രീകുമാറും ഞാനും ഒരുപാട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഞാനും ജഗതിയും ഒന്നിച്ചെത്തുന്ന സീനുകളില്‍ എപ്പോഴും നര്‍മ്മവും ഉണ്ടായിട്ടുണ്ട്. ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചയാളാണ് ജഗതി.

ഒരുകാലത്ത് അദ്ദേഹം മൂന്നും നാലും സിനിമകളിലാണ് ഒരേസമയം അഭിനയിച്ചുകൊണ്ടിരുന്നത്. ഒരുമിച്ചഭിനയിക്കുന്ന സിനിമകളില്‍ ചിത്രം ആവശ്യപ്പെടുന്ന സമയം തരാന്‍ ചിലപ്പോള്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നമുക്ക് ഇത്ര ദിവസം വേണം എന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹം പറയുമായിരുന്നു അത് ബുദ്ധിമുട്ടാണ് എന്ന്.

കാരണം അദ്ദേഹത്തിന് വേറെയും ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ച് മാറ്റമുണ്ടാക്കാന്‍ കഴിയാത്ത സ്‌ക്രിപ്റ്റിംഗ് ഉണ്ടാകുകയും ചെയ്തു.

ലാലിനെ കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായാല്‍ അതേപ്പറ്റി വിശദീകരിക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് അങ്ങനെ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

‘അങ്ങനെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.ഒരാളുടെ മനസ്സില്‍ ഒരു കാര്യം കയറിക്കൂടിയാല്‍ അത് മാറ്റിയെടുക്കാന്‍ വളരെ പ്രയാസമാണ്. അദ്ദേഹം തന്നെ അത് മനസ്സിലാക്കട്ടെ എന്നേ ഞാന്‍ ചിന്തിക്കുകയുള്ളു.

അല്ലാതെ നാളെ തന്നെ ഞാന്‍ പോയി വിശദീകരിക്കേണ്ട കാര്യമില്ല. പിന്നെ ഈ സവര്‍ണ്ണത എന്നൊക്കെ പറയുന്നത് എന്തോ മനോരോഗമാണ്.

നരസിംഹം എന്ന സിനിമയ്ക്ക് ശേഷം അതേ രീതിയിലുള്ള നിരവധി സിനിമകള്‍ ചെയ്തിരുന്നു. അതിലൊക്കെ നമ്മള്‍ ഷൂട്ട് ചെയ്യുന്നത് ഒരു ഫ്യൂഡല്‍ സ്വഭാവമുള്ള കഥാപാത്രത്തെയാണ്.

അതോടൊപ്പം തന്നെ മുസ്‌ലിം കഥാപാത്രങ്ങളും, ക്രിസ്ത്യന്‍ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ജാതി എന്നൊക്കെ പറയുന്നത് ആരോ സ്വന്തം ബുദ്ധിയില്‍ നിന്ന് എഴുതിപ്പിടിപ്പിച്ച കാര്യങ്ങളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mohanlal Replies To Allegations Aganist Him