Film News
ഹൈവോള്‍ട്ടേജില്‍ ആറാടി ലാലേട്ടന്‍; ആറാട്ടിലെ ആദ്യഗാനത്തിന്റെ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 12, 11:46 am
Saturday, 12th February 2022, 5:16 pm

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ആറാട്ടി’ലെ ‘ഒന്നാം കണ്ടം’ എന്ന പാട്ടിന്റെ ടീസര്‍ പുറത്ത്. കുന്നിറങ്ങി കടവിറങ്ങി പുഴയിറങ്ങി വാ നീ എന്ന് തുടങ്ങുന്ന പാട്ടില്‍ മാസ് ലുക്കില്‍ ഹൈ എനര്‍ജിയിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

ഒരു ഇടവേളക്ക് ശേഷം എത്തുന്ന മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്നര്‍ ചിത്രമായ ‘ആറാട്ടി’നായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ‘വില്ലന്’ ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.

ഫെബ്രുവരി 18 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.


Content Highlight: mohanlal new movie song onnam kandam teaser