എത്ര കാണാൻ കൊള്ളാത്തവനും സിനിമയിൽ നിന്നാൽ നന്നാവുവെന്ന് എന്നെ ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞിട്ടുണ്ട്: മോഹൻലാൽ
Entertainment
എത്ര കാണാൻ കൊള്ളാത്തവനും സിനിമയിൽ നിന്നാൽ നന്നാവുവെന്ന് എന്നെ ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞിട്ടുണ്ട്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 2:20 pm

മലയാളത്തിൽ നായക സങ്കല്പങ്ങൾ പുതിയ ശൈലി കൊണ്ടുവന്ന നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി കടന്നുവന്ന മോഹൻലാൽ പിന്നീട് നായക നടനായി മാറിയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചു.

ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. കരിയറിന്റെ തുടക്കത്തിൽ മോഹൻലാൽ ബോഡി ഷേമിങ് നേരിട്ടിട്ടുണ്ട്. ഒരു നായക നടനുവേണ്ട ശരീര പ്രകൃതമല്ല മോഹൻലാലിന്റേതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

 

എന്നാൽ തന്റെ സൗന്ദര്യത്തെ കുറിച്ച് പൂർണ ബോധമുള്ള ആളാണ് താനെന്നും അതിനെകുറിച്ച് യാതൊരുവിധ ആശങ്കയും തനിക്കില്ലെന്നും മോഹൻലാൽ പറയുന്നു. എത്ര കാണാൻ കൊള്ളാത്തവനും കുറേക്കാലം സിനിമയിൽ നിന്നാൽ നന്നാവുമെന്ന് ഒരിക്കൽ തന്നെ ഉദാഹരണമാക്കി നടൻ ഉമ്മർ പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം പോസിറ്റീവായിട്ടെ താൻ എടുത്തിട്ടുള്ളൂവെന്നും മോഹൻലാൽ പറയുന്നു. ആളുകൾ കണ്ടുകൊണ്ടാണ് തന്നെ ഇഷ്ടപ്പെട്ടതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘എന്റെ സൗന്ദര്യത്തെ കുറിച്ച് പൂർണമായി ബോധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാൻ. ഇക്കാര്യത്തിൽ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്ത സിനിമ, അതുകഴിഞ്ഞ് അടുത്തത്. അത്തരത്തിലുള്ള പദ്ധതികളൊന്നും മനസിലില്ലായിരുന്നു.

കെ.പി. ഉമ്മർ

കെ.പി. ഉമ്മർ

ഒരിക്കൽ കെ.പി. ഉമ്മർ എന്നോട് പറഞ്ഞു,

‘എത്ര കാണാൻ കൊള്ളാത്തവനും കുറേക്കാലം സിനിമയിൽ നിന്നാൽ നന്നാവും. ഉദാഹരണം ലാൽ തന്നെ.’

അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചു.

പിന്നെ, സിനിമയിൽ നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിൻ്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്.

ഏറ്റവും മനോഹരമായ ശില്‌പത്തിനും അല്പം പ്രശ്‌നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ആൾക്കാരുടെ മനസിൽ നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാൻ,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About K.P. Ummar’s Statement About Him