ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറാണ് മുഹമ്മദ് ഷമി. എന്നാല്‍ 2023 ഏകദിന ലോകകപ്പില്‍ പരിക്കേറ്റ ഷമി നീണ്ട കാലം ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം താരം ഇപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചത്. പിന്നീട് പരിക്കിനെ തുടര്‍ന്ന് 2024 ഐ.പി.എല്ലും ടി-20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ജന്‍മദിനം പ്രമാണിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സോഷ്യല്‍ മീഡിയയില്‍ ഒരു ഷോട്ട് വീഡിയോ പങ്കുവെച്ചതാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
ടീമില്‍ തന്റെ വിളിപ്പോര് ‘ലാല’ എന്നാണെന്നും വിരാട് കോഹ്ലിയാണ് തന്നെ ആപേര് വിളിച്ച് തുടങ്ങിയതെന്നുമാണ് ഷമി പറഞ്ഞത്. പിന്നീടുള്ള ചോദ്യം ഏറ്റവും ഇഷ്ടമുളള ബൗളര്‍ ആരാണെന്നായിരുന്നു. പാകിസ്ഥാന്‍ ഇതിഹാസം വഖാര്‍ യൂനസിനേയും സൗത്ത് ആഫ്രിക്കന്‍ ചീറ്റ ഡെയ്ല്‍ സ്റ്റെയ്‌നിനേയുമാണ് ഷമി തെരഞ്ഞെടുത്തത്.
‘ടീമിലെ എന്റെ വിളിപ്പേര് ലാല എന്നാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. വിരാട് കോഹ്‌ലിയാണ് എനിക്ക് ആ പേര് നല്‍കിയത്. പിന്നീടാണ് മറ്റുള്ളവര്‍ എന്നെ ആ പേര് വിളിച്ച് തുടങ്ങുന്നത്. ഇഷ്ടമുള്ള ഒരുപാട് ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ട്. പേരെടുത്തുപറയാനാണെങ്കില്‍ വഖാര്‍ യൂനിസിനെയും ഡെയ്ല്‍ സ്റ്റെയ്‌നിനേയും ഞാന്‍ പറയും,’ ഷമി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായി താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി പന്തെറിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷമി പറഞ്ഞത്.
ഒക്ടോബര്‍ മാസത്തിലാണ് രഞ്ജി ട്രോഫിക്ക് തുടക്കം കുറിക്കുന്നത്. നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യക്ക് പരമ്പരയുണ്ട്. ബംഗാളിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിയാന്‍ ഷമിക്ക് സാധിക്കും.
Content Highlight: Mohammad Shami talking About Favourite bowler