പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ കങ്കാരുക്കളെ ബാറ്റിങ്ങിന് അയച്ച് 35 ഓവറില്‍ 163 റണ്‍സിന് തകര്‍ക്കുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത് 35 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് പുറത്തായത്. മാറ്റ് ഷോട്ട് 19 റണ്‍സും നേടി. സാംപ 18 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ഹാരിസ് റൗഫ് ആണ്.
29 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് നേടിയത്. ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും നേടി മികച്ചു നിന്നു. കങ്കാരുക്കളുടെ ആറ് വിക്കറ്റുകളാണ് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ കൈപ്പിടിയിലാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ റിസ്വാന് സാധിച്ചിരിക്കുകയാണ്. ഒരു ഏകദിന ക്രിക്കറ്റിലെ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ കീപ്പര്‍ ക്യാച്ച് നേടുന്ന പാക് താരമാകാനാണ് റിസ്വാന് സാധിച്ചത്. ഈ നേട്ടത്തില്‍ സര്‍ഫാസ് അഹമ്മദിനോടൊപ്പമെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സയിം അയൂബാണ്. 71 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം നേടിയത്. ആദം സാംപയാണ് താരത്തെ പുറത്താക്കിയത്. അബ്ദുള്ള ഷഫീഖ് 69 പന്തില്‍ 64* റണ്‍സ് നേടി പുറത്താകാതെ നിന്നു. ബാബര്‍ അസം 15* റണ്‍സും നേടിയാണ് പാകിസ്ഥാനെ മിന്നും വിജയത്തിലെത്തിച്ചത്.
Content Highlight: Mohammad Rizwan In Great Record Achievement In ODI