Advertisement
Cricket
മുംബൈ വിട്ട് രോഹിത് ആ ടീമിന്റെ ക്യാപ്റ്റനാകണം: പ്രസ്താവനയുമായി കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 30, 06:34 am
Monday, 30th September 2024, 12:04 pm

2025 ഐ.പി.എല്‍ ലേലത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങള്‍ പുതിയ ടീമില്‍ ചേരുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏത് ടീം സ്വന്തമാക്കണമെന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത്തിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കണമെന്നാണ് കൈഫ് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഒരു താരത്തിന് 19 അല്ലെങ്കില്‍ 20 വയസ് ഉണ്ടാവാം. എന്നാല്‍ രോഹിത് ശര്‍മക്ക് ഒരു കളിക്കാരനെ 18ല്‍ നിന്നും 20ലേക്ക് മാറ്റാന്‍ സാധിക്കും. ഓരോ താരങ്ങളില്‍ നിന്നും അവരുടെ മികച്ച കഴിവുകള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. കളിക്കളത്തില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ആര്‍.സി.ബിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിയമിക്കണം,’ മുഹമ്മദ് കൈഫ് പറഞ്ഞു.

ബെംഗളൂരു ഫാഫ് ഡുപ്ലെസിസിന് പകരക്കാരനായി പുതിയ ഒരു ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലേലത്തില്‍ ആര്‍.സി.ബി പുതിയ താരത്തെ ടീമില്‍ എത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നിലനിര്‍ത്തുമോയെന്നും കണ്ടു തന്നെ അറിയണം. കഴിഞ്ഞ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് ഹര്‍ദിക് പാണ്ഡ്യയെ മുംബൈ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള മികച്ച പ്രകടനങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പുറത്തെടുക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല. ഗുജറാത്തിനൊപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. അടുത്ത സീസണില്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കാനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ രോഹിത്തിന്റെ കീഴിലായിരുന്നു സ്വന്തമാക്കിയത്. നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോക ജേതാക്കളായത്.

ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

 

Content Highlight: Mohammad Kaif wants Rohit Sharma to be chosen as Royal Challengers Bangalore’s new captain