12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് (ജനുവരി 30ന്) റെയില്‍വേസിനെതിരായ മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടിയാണ് വിരാട് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് ആയുഷ് ബധോണിയെയാണ് ദല്‍ഹി നിയമിച്ചത്.
എന്നിരുന്നാലും വിരാടിന്റെ തിരിച്ചുവരവില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് വിരാട് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സുമാണ് താരം ദല്‍ഹിക്ക് വേണ്ടി നേടിയത്. മത്സരത്തില്‍ ആറ് വിക്കറ്റിന് ദല്‍ഹി പരാജയപ്പെടുകയും ചെയ്തു.
അന്ന് മത്സരത്തില്‍ വിരാട് പുറത്തായത് ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്ത് കളിക്കുന്നതിനിടെയായിരുന്നു. അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും വിരാട് ഇതേ് രീതിയിലായിരുന്നു പുറത്തായത്. ഇപ്പോള്‍ താരം 12 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരേ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
Mohammad Kaif
‘2012ല്‍ ദല്‍ഹിക്കെതിരായ ഞങ്ങളുടെ മത്സരമാണ് ഇതിന് മുമ്പ് വിരാട് കോഹ്ലി രഞ്ജി ട്രോഫിയില്‍ കളിച്ചത്. ആ സമയത്തും അവന് ഓഫ് സ്റ്റംപിന്റെ ബലഹീനത ഉണ്ടായിരുന്നു. അതേ ബലഹീനത ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ അവനെ പുറത്താക്കിയതുപോലെയാണ് ഞങ്ങള്‍ക്കെതിരായ ആ രഞ്ജി ട്രോഫി മത്സരത്തിലും അദ്ദേഹം പുറത്തായി,’ മുഹമ്മദ് കൈഫ് പറഞ്ഞു.
ബി.സി.സി.ഐയുടെ പുതിയ നിര്‍ദേശപ്രകാരം എല്ലാ സീനിയര്‍ താരങ്ങളും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന കര്‍ശന നിലപാട് ഉണ്ടായതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ രഞ്ജിയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ രഞ്ജിയിലും മോശം പ്രകടനമാണ് താരങ്ങള്‍ നടത്തിയത്.
എന്നിരുന്നാലും വിരാട് തന്റെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ തന്റെ പ്രതാപം വീണ്ടെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ആയുഷ് ബധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, പ്രണവ് രാജ്വന്‍ഷി (വിക്കറ്റ് കീപ്പര്‍), സനത് സാങ്വാന്‍, അര്‍പിത് റാണ, മായങ്ക് ഗുസൈന്‍, ശിവം ശര്‍മ, സുമിത് മാത്തൂര്‍, വാന്‍ഷ് ബേദി (വിക്കറ്റ് കീപ്പര്‍), മണി ഗ്രെവാള്‍, ഹര്‍ഷ് ത്യാഗി, സിദ്ധാന്ത് ശര്‍മ, നവ്ദീപ് സൈനി, യാഷ് ദുല്‍, ഗഗന്‍ വാട്‌സ്, ജോണ്ടി സിദ്ധു, ഹിമത് സിങ്, വൈഭവ് കാണ്ഡപാല്‍, രാഹുല്‍ ഗെലോട്ട്, ജിതേഷ് സിങ്.
Content Highlight: Mohammad Kaif Talking About Virat Kohli’s Mistake