ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരത് മാതാ കി ജയ് എന്ന് വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരം തുടങ്ങേണ്ടതിന് പകരം അനില്‍ അംബാനി കീ ജയ് എന്ന് വിളിക്കൂവെന്നായിരുന്നു മോദിയോട് രാഹുല്‍ പറഞ്ഞത്.
സംസാരം തുടങ്ങുന്നതിന് മുന്‍പ് മോദി ഭാരത് മാതാ കി ജയ് എന്നായിരിക്കും വിളിക്കുന്നത്. പക്ഷേ അദ്ദേഹം പണിയെടുക്കുന്നത് അനില്‍ അംബാനിക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്ന അനില്‍ അംബാനി കീ ജയ് എന്നോ നീരജ് മോദി കീ ജയ് എന്നോ മെഹുല്‍ ചോക്‌സി കീ ജയ് എന്നോ മോദി വിളിക്കുന്നതായിരിക്കും നല്ലത്- അല്‍വാറില്‍ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിടെ രാഹുല്‍ പറഞ്ഞു.
നമ്മുടെ മന്‍ കി ബാത്ത് പറയാന്‍ ഇവിടെ അവസരമില്ല. മറിച്ച് മോദിയുടെ മന്‍ കി ബാത്ത് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ അതല്ല ഉദ്ദേശിക്കുന്നത്. യുവാക്കളിലേക്ക് കടന്ന് ചെന്ന് അവരുടെ മനസിലുള്ളത് അറിയാനാണ് ശ്രമിക്കുന്നത്.
രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരാണ് മോദിയുടേത്. അത്തരത്തില്‍ മോദി തൊഴില്‍ നല്‍കിയിരുന്നെങ്കില്‍ നാല് യുവാക്കള്‍ എന്തിനാണ് ഈ അല്‍വാറില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. – രാഹുല്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു അല്‍വാറില്‍ നാല് യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തൊഴിലില്ലായ്മ കാരണം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു യുവാക്കളെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
മോദി തന്റെ ഒരു പ്രസംഗത്തിലും റാഫേല്‍ വിഷയത്തെ കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ലെന്നും റാഫേലിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ വിളിച്ചുപറയുമോ എന്ന ഭയമാണ് മോദിക്കെന്നും രാഹുല്‍ പറഞ്ഞു.