മാധ്യമങ്ങൾ പഴയത് പോലെ നിഷ്പക്ഷരല്ല; വാർത്താ സമ്മേളനം നടത്താത്തതിനെ ന്യായീകരിച്ച് മോദി
national news
മാധ്യമങ്ങൾ പഴയത് പോലെ നിഷ്പക്ഷരല്ല; വാർത്താ സമ്മേളനം നടത്താത്തതിനെ ന്യായീകരിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2024, 4:38 pm

ന്യൂദല്‍ഹി: വാർത്താ സമ്മേളനം നടത്താത്തതിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍കാലങ്ങളിലേത് പോലെ മാധ്യമങ്ങള്‍ ഇന്ന് നിഷ്പക്ഷരല്ലെന്നും അതിനാലാണ് താന്‍ അഭിമുഖം നല്‍കാത്തതെന്നുമാണ് മോദിയുടെ വിശദീകരണം.

ഇന്ത്യാ ടുഡേ നടത്തിയ അഭിമുഖത്തിലാണ് വാർത്താ സമ്മേളനം നടത്താത്തതിനെ മോദി ന്യായീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്തെ അപേക്ഷിച്ച് ഇന്ന് പ്രധാനമന്ത്രി ആയപ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്താൻ തയ്യാറാകാത്തതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ ഇന്ന് ഒരു പ്രത്യേക പാതയിലൂടെയാണ് പോകുന്നതെന്നും ആ പാതയിലൂടെ പോകാന്‍ തനിക്ക് താത്പര്യം ഇല്ലെന്നുമാണ് മോദി മറുപടി നല്‍കിയത്.

‘മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെതായ താത്പര്യങ്ങളുണ്ട്. മാധ്യമങ്ങള്‍ ഇന്ന് രാഷട്രീയമില്ലാത്തവരല്ല. നിങ്ങളുടെ കാഴ്ച്ചപ്പാടിനെ കുറിച്ചും താത്പര്യങ്ങളെ കുറിച്ചും ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. മുന്‍ കാലങ്ങളില്‍ മാധ്യമങ്ങള്‍ വെറും സ്ഥാപനം മാത്രമായിരുന്നു. ആരാണ് എഴുതുന്നതെന്നും അവരുടെ കാഴ്ചപ്പാടെന്താണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. മാധ്യമങ്ങള്‍ ഇന്ന് ഒരു പ്രത്യേക സ്ഥാപനം മാത്രമല്ല. ഞാന്‍ സംസാരിക്കുന്ന അവതാരകനെയും അവരുടെ കാഴ്ചപ്പാടിനെയും കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്,’ മോദി പറഞ്ഞു.

തനിക്ക് പാവപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ടി കഷ്ടപ്പെടാനാണ് ഇഷ്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എനിക്ക് റിബണ്‍ മുറിച്ച് ഉദ്ഘാടനങ്ങള്‍ നടത്തി ഫോട്ടോ എടുക്കാം. എന്നാല്‍ ഞാന്‍ അത് ചെയ്യുന്നില്ല. ഞാന്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ പോയി അവിടെയുള്ള ചെറിയ ജില്ലകളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

താന്‍ ഒരു പുതിയ തൊഴില്‍ സംസ്‌കാരം കൊണ്ടുവന്നാല്‍ മാധ്യമങ്ങള്‍ക്ക് അത് ശരിയായി തോന്നുകയാണെങ്കില്‍ ശരിയായി തന്നെ അതിനെ റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ ചെയ്യരുത്. മാധ്യമങ്ങള്‍ ഇന്ന് പ്രത്യേക സ്ഥാപനമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആശയവിനിമയം നടത്താനുള്ള പ്രാധാന സ്രോതസ്സ് മാധ്യമങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് അത് മാറിയെന്നും മോദി പറഞ്ഞു. മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം ലോകത്തെ അറിയിക്കാനുള്ള അവസരം ഇന്നത്തെ കാലത്ത് ഉണ്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Modi explained why he doesn’t hold press conferences