മോദി മന്ത്രിസഭയില്‍ നിന്നു കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു
India
മോദി മന്ത്രിസഭയില്‍ നിന്നു കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2017, 7:32 am

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനപ്രകാരം പുനസംഘടന സുഗമമാക്കാനാണ് മന്ത്രിമാരുടെ രാജി. ഇന്നലെ നൈപുണ്യവികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചിരുന്നു.

അഞ്ച് മന്ത്രിമാര്‍ ഇതിനോടകം രാജിവെക്കുകയോ ഇന്ന് രാജിവെക്കുകയോ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജീവ് പ്രതാപ് റൂഡിയുടെ രാജി മാത്രമാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.


Also Read: ഇതെന്തൊരു അല്‍പ്പത്തരമാണ്; റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്നോ; മുംബൈ പ്രളയത്തെ നിസാരവത്ക്കരിച്ച ബിഗ്ബിയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


ഇതിനു പുറമെ ജലവിഭവമന്ത്രി ഉമാ ഭാരതി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ജലവിഭവസഹമന്ത്രി സജ്ഞീവ് ബല്യന്‍, ചെറുകിട സംരഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവരും പുനസംഘടനയുടെ ഭാഗമായി പുറത്ത് പോകും.

താന്‍ രാജിവച്ചതായി വ്യക്തമാക്കിയ രാജീവ് പ്രതാപ് റൂഡി പാര്‍ട്ടിയില്‍ ചുമതലകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് രാജിയെന്നും വ്യക്തമാക്കി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എട്ടോളം കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തി പുനസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കി.

ഇതേ തുടര്‍ന്നാണ് മന്ത്രിമാരുടെ രാജി മുന്നണിയിലേക്ക് പുതുതായെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കി അടുത്ത തെരഞ്ഞെടുപ്പിലും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യവും പുനസംഘടനയുടെ പിന്നിലുണ്ട്.