Advertisement
Entertainment news
ഭാവങ്ങള്‍ കയ്യില്‍ നിന്നിടുന്ന നടന്‍; അന്ന് ചിരിച്ചതിന് എനിക്ക് ചീത്തവിളി കേട്ടു: മിഥുന്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 10:19 am
Tuesday, 11th March 2025, 3:49 pm

നടനും ടെലിവിഷന്‍ അവതാരകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് മിഥുന്‍ രമേശ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. വെട്ടത്തിലെ ഫെലിക്‌സ് എന്ന കഥാപാത്രവും, റണ്‍വേയിലെ ജോണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പല ആര്‍ട്ടിസ്റ്റുകള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് മിഥുന്‍. വേറിട്ട അവതരണശൈലിയാണ് മിഥുനെ വ്യത്യസ്തനാക്കുന്നത്. 2013ല്‍ സഹപ്രവര്‍ത്തകനോടൊപ്പം ചെയ്ത 84 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന മ്യൂസിക് ഷോ മാരത്തണ്‍ പരിപാടിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ വെട്ടം എന്ന സിനിമയെക്കുറിച്ചും അതിലെ ഇന്നസെന്റിന്റെ അഭിനയത്തിനെക്കുറിച്ചും പറയുകയാണ് മിഥുന്‍ രമേശ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നസെന്റ് അഭിനയിക്കുന്ന സമയത്ത് സ്വന്തം കയ്യില്‍ നിന്നും ഭാവങ്ങളിടുമെന്ന് പറയുകയാണ് മിഥുന്‍. എന്നാലത് റിഹേഴ്‌സലില്‍ ഇല്ലാത്തതുകൊണ്ടും തനിക്ക് എക്‌സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ടും ഷൂട്ടിങ്ങിന്റെ ഇടയില്‍ ചിരി വരുമായിരുന്നുവെന്നും നടന്‍ പറയുന്നു. ആ സീനില്‍ തനിക്ക് വഴക്ക് കിട്ടിയിരുന്നുവെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്നസെന്റ് ചേട്ടന്‍ സീനില്‍ ഷോര്‍ട്ടാകുമ്പോള്‍ പുള്ളി കയ്യില്‍ നിന്നും കുറെ സാധനം ഇടും. റിഹേഴ്‌സലില്‍ അതില്ലല്ലോ? നമ്മള്‍ അത്ര എക്‌സ്പീരിയന്‍സുള്ള നടനൊന്നും അല്ലല്ലോ? ഇന്നസെന്റ് ചേട്ടന്‍ ചെയ്യുന്നത് നമ്മളെ ചിരിപ്പിക്കുന്ന സാധനങ്ങളല്ലെ.

വെട്ടത്തില്‍ നിനക്ക് സമാധാനം ആയില്ലേടി എന്ന് ഗീതാ വിജയനോട് ചോദിക്കുന്ന സമയത്ത് ഇടുന്ന ഭാവങ്ങളെല്ലാം കയ്യില്‍ നിന്നെടുക്കുന്നതാണ്. ഇത് കണ്ട് ഷൂട്ടിങ്ങിന്റെ ഇടയില്‍ ഞാന്‍ ചിരിച്ചു പോയി. അതിന് എനിക്ക് ചീത്ത വിളി കേട്ടു. ഞാന്‍ ടെന്‍ഷന്‍ അടിച്ച് നില്‍ക്കേണ്ട സമയമാണ്. ബാക്കിയെല്ലാം കോമഡിയാണെങ്കിലും ഞാനതില്‍ ചെയ്യേണ്ടത് സീരിയസാണ്,’ മിഥുന്‍ പറയുന്നു.

അഭിനയത്തിനോടൊപ്പം തന്നെ ദുബായിലെ ഹിറ്റ് 96.7 എഫ്.എമ്മില്‍ റേഡിയോ ജോക്കിയായും ജോലി ചെയ്യുന്നുണ്ട് മിഥുന്‍. സോഷ്യല്‍ മീഡിയകളിലും താരമാണ് നടന്‍. റണ്‍വേ, റണ്‍ ബേബി റണ്‍, നമ്മള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു മിഥുന്‍.

content highlights: Mithun Ramesh is talking about the movie Vettam and the acting of Innocent in it