Sports News
അവന്‍ അവര്‍ക്ക് വേണ്ടി ലോകകപ്പും നേടും ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനുമാകും: മിച്ചല്‍ മെക്ലെനഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 01, 05:03 pm
Saturday, 1st June 2024, 10:33 pm

ടി-20 ലോകകപ്പിന് ജൂണ്‍ രണ്ട് മുതല്‍ തുടക്കം കുറിക്കുകയാണ്. അമേരിക്കയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ഇതോടെ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും താരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുമ്പോള്‍ 2024 ടി-20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനെ പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം മിച്ചല്‍ മക്ലെനഗന്‍.

ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി ഓപ്പണിങ് ബൗള്‍ ചെയ്ത സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനെയാണ് താരം തെരഞ്ഞെടുത്തത്. ന്യൂസിലാണ്ടിന് വേണ്ടി ബോള്‍ട്ട് പന്തെറിയാനെത്തുമ്പോള്‍ എല്ലാ ടീമും ഒന്ന് ഭയക്കുമെന്നത് ഉറപ്പാണ്. കാരണം ഓപ്പണിങ്ങില്‍ കിടിലന്‍ സ്വിങ്ങും ലെങ്തും കീപ്പ് ചെയ്യുന്ന തകര്‍പ്പന്‍ ബൗളര്‍ തന്നെയാണ് ബോള്‍ട്ട്. ഐ.പി.എല്ലിലെ താരത്തിന്റെ വമ്പന്‍ നേട്ടങ്ങളും അതിന് ഉദാഹരണമാണ്. അത് തന്നെയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം ബോള്‍ട്ടിനെ തെരഞ്ഞെടുക്കാന്‍ കാരണവും.

‘ട്രെന്റ് ബോള്‍ട്ടായിരിക്കും ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍. ന്യൂസിലന്‍ഡിനായി അദ്ദേഹം ഒരു തകര്‍പ്പന്‍ തുടക്കം കുറിക്കും, സ്ഥിരത പുലര്‍ത്തും. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും ട്രെന്റ് ബോള്‍ട്ടായിരിക്കും. ന്യൂസിലന്‍ഡിനായി അദ്ദേഹം ആദ്യ ലോകകപ്പ് നേടാന്‍ പോകുന്നു, ”അദ്ദേഹം ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ട്രെന്റ് ബോള്‍ട്ട് 57 മത്സരങ്ങളില്‍ നിന്നും 74 വിക്കറ്റുകള്‍ ആണ് നേടിയത്. 7.98 എന്ന എക്കണോമിയില്‍ പന്തറിഞ്ഞ താരത്തിന് 23.2 ആവറേജും ഉണ്ട്. രണ്ടുതവണയാണ് ടി-20യില്‍ താരത്തിന് ഫോര്‍ഫര്‍ വിക്കറ്റുകള്‍ നേടാന്‍ സാധിച്ചത്. ഐ.പി.എല്ലില്‍ ഇതുവരെ 103 ഇന്നിങ്‌സില്‍ നിന്നും 121 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസിലന്‍ഡ് ടി-20 ലോകകപ്പ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി.

റിസര്‍വ്: ബെന്‍ സീര്‍സ്

 

Content Highlight: Mitchell McClenaghan talking About Trent Boult