national news
മുഗിലന്റെ തിരോധാനത്തിന് അന്ത്യം; തൂത്തുക്കുടി സമരനേതാവിനെ കണ്ടെത്തി; ദുരൂഹതകള്‍ നീങ്ങുന്നില്ല
ചെന്നൈ: തൂത്തുക്കുടി പൊലീസ് വെടിവെപ്പിനെതിരെ പത്രസമ്മേളനം നടത്തിയശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ സാമൂഹിക പ്രവര്‍ത്തകന്‍ മുഗിലനെ കണ്ടെത്തി. അഞ്ചുമാസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തിരുപ്പതി റെയില്‍വെ സ്റ്റേനില്‍വച്ചാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുഗിലന്റെ സുഹൃത്ത് തിരുപ്പതി സ്റ്റേഷനില്‍ ഇദ്ദേഹ കണ്ടെന്ന് വീട്ടുകാരെ അറിയച്ചതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നെന്നാണ് വിവരം. എന്നാല്‍, മുഗിലന്റെ തിരോധാനത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല.
പൊലീസ് പിടികൂടവെ മുഗിലന്‍ കൂടംകുളം ആണവ പദ്ധതിക്കെതിരായ മുദ്രാവാക്യം വിളിച്ചു. ന്യൂക്ലിയര്‍ മാലിന്യങ്ങളില്‍ മുക്കി തമിഴ്‌നാടിനെ തകര്‍ക്കരുതെന്നും അദ്ദേഹം വിളിച്ചുപറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരുപ്പതി സ്റ്റേഷനില്‍നിന്നും കണ്ടെത്തിയ മുഗിലന്‍ നിലവില്‍ ആന്ധ്രാപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
തൂത്തുക്കുടി വെടിവെപ്പിനു പിന്നിലെ പൊലീസ് ഗൂഢാലോചന തുറന്നുകാട്ടിയതിനു പിന്നാലെയാണ് സമരസമിതി പ്രവര്‍ത്തകനായ മുഗിലനെ കാണാതായത്. തൂത്തുക്കുടി വെടിവെയ്പ്പ് ദക്ഷിണ മേഖലാ ഐ.ജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐ.ജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണെന്നാണ് തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു മുഗിലനെ കാണാതായത്. വെടിവെപ്പിനു മുമ്പ് ഐ.ജി വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ ട്രെയിനില്‍ മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
2019 ഫെബ്രുവരി 14ാം തീയതി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മധുരയിലേക്ക് പോകുമെന്നലരുന്നില്ല. തൂത്തുക്കുടി വെടിവെപ്പില്‍ ഇടപെട്ട ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് മുഗിലന്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. പിറ്റേന്ന് മധുരയിലെത്തിയില്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്.
നേരത്തെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി മുഗിലന്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിന് പുറത്തിറങ്ങിയ ശേഷം, തൂത്തുക്കുടി സമരത്തെ കുറിച്ച് മുഗിലന്‍ ഗവേഷണം നടത്തിവരികയായിരുന്നു. തിരോധാനം മാസങ്ങള്‍ പിന്നിട്ടിട്ടും മുഗിലനെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ എസ്.പി ഉദയകുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു.
2018 മെയ് 22നാണ് തൂത്തുക്കുടിയില്‍ സ്‌റ്റൈര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പു നടക്കുന്ന സമയത്ത് ശൈലേഷ് കുമാര്‍ യാദവ് സൗത്ത് സോണ്‍ ഐ.ജിയും സരത്കര്‍ തിരുനെല്‍വേലി ഡി.ഐ.ജിയുമായിരുന്നു. വെടിവെപ്പിനുശേഷം ഇരുവരേയും സ്ഥലംമാറ്റി.
വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ അന്നുതന്നെ പുറത്തുവന്നിരുന്നു. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസ്സിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം ആകാശത്തേക്ക് വെടിവെച്ചില്ലെന്ന കാര്യവും സംശയം ഉയര്‍ത്തിയിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ സ്‌റ്റൈര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ സമരം ചെയ്തത്. രൂക്ഷമായ മലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.