Kerala News
വിവേകത്തോടെ മറ്റുള്ളവര്‍ പ്രതികരിച്ചു, പക്ഷേ പ്രതിപക്ഷ നേതാവിന് അതിനായില്ല: എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 25, 07:22 am
Tuesday, 25th October 2022, 12:52 pm

തിരുവനന്തപുരം: ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാടാണെന്ന് മന്ത്രി എം.ബി. രാജേഷ്. കക്ഷി രാഷ്ട്രീയത്തിനതീതമായി വിവേകത്തോടെയാണ് എല്ലാവരും പ്രതികരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന് അതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിക്കുട്ടിയുടെയും കെ.സി. വേണുഗോപാലിന്റെയും വിശാലമായ കാഴ്ചപ്പാടായിരുന്നു. ഉയര്‍ന്ന് ചിന്തിക്കാന്‍ പ്രതിപക്ഷ നേതാവിനെ പോലെ ഒരാള്‍ക്ക് കഴിയേണ്ടതല്ലേ എന്നും മന്ത്രി ചോദിക്കുന്നു.

‘ഞാന്‍ യു.ഡി.എഫിനെ ആകെ പറയുന്നില്ല. പ്രതിപക്ഷ നേതാവിന്റേത് വളരെ അമ്പരപ്പിക്കുന്ന ഒരു ഹൃസ്വ ദൃഷ്ടിയും സങ്കുചിതമായ നിലപാടുമായിപ്പോയി. ഉയര്‍ന്ന് ചിന്തിക്കാന്‍ പ്രതിപക്ഷ നേതാവിനെ പോലെ ഒരാള്‍ക്ക് കഴിയേണ്ടതല്ലേ? അത് പറ്റുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്,’ എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ തള്ളി കോണ്‍ഗ്രസ് എം.പി. കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. വി.സിമാരോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശം. എന്നാല്‍ വി.സിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ രാജാവാണോ എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. ഇപ്പോള്‍ പുറത്താക്കണമെന്ന് പറയുന്ന വി.സിമാരെ നിയമിച്ചത് ഗവര്‍ണറാണെന്നും അന്ന് നിയമം അറിയില്ലായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുവരും ചെപ്പടിവിദ്യയും പെപ്പിടിവിദ്യയും ഉപേക്ഷിച്ച് ഇതെങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം. പ്രതിപക്ഷത്തിന് വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. രണ്ട് കൂട്ടരും തെറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസമില്ല. ഗവര്‍ണറും തെറ്റിന് കൂട്ടുനിന്നു. തന്റെ ഏറാമൂളികളെ വി.സിമാരാക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. അതിന് ഗവര്‍ണര്‍ കൂട്ടുനിന്നു. പിന്നീട് അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി, തമ്മില്‍ തെറ്റി. ഇതോടെ സുപ്രീം കോടതി വിധിയുടെ മറവില്‍ വി.സിമാര്‍ക്കെതിരെ ആയുധം പ്രയോഗിച്ചു. അവസാനം കേസ് തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ പ്ലേറ്റ് മാറ്റി എന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഇതോടെ പ്രതിപക്ഷത്തില്‍ ഭിന്നതയും രൂക്ഷമാകുകയാണ്. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും വി.സിമാരെ പുറത്താക്കണം എന്ന നിലപാടിനെ അനുകൂലിക്കുന്ന സമയത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: Minister MB Rajesh slams leader of opposition MB Rajesh