Entertainment
പുതിയ സിനിമകള്‍ക്കും പുതിയ കഥകള്‍ക്കും വേണ്ടി ആ മനയുടെ മുന്നില്‍ കസേരയിട്ട് കാത്തിരിക്കുന്ന ചാത്തനാണ് മമ്മൂക്ക: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 17, 08:11 am
Friday, 17th May 2024, 1:41 pm

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് ടര്‍ബോയുടെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്. പുതിയ എഴുത്തുകാരോട് യാതൊരു മടിയും കൂടാതെ നമുക്ക് പറ്റുന്ന കഥയൊന്നുമില്ലേ എന്ന് ചോദിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും, പുതുമയുള്ള കഥയുമായി ധൈര്യപൂര്‍വം മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലാന്‍ പറ്റുമെന്നും മിഥുന്‍ പറഞ്ഞു.

പുതിയ സിനിമകള്‍ക്കും കഥകള്‍ക്കും വേണ്ടി ആ മനയില്‍ കസേരയിട്ട് ഇരിക്കുന്ന ചാത്തനാണ് മമ്മൂട്ടിയെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മിഥുന്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ എഴുതിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിഥുന്‍.

‘നമ്മളൊക്കെ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത് അത്യാവശ്യം കയറിവരുന്ന സമയത്തൊക്കെയാകും മമ്മൂക്ക നമ്മളോട് സ്‌ക്രിപ്റ്റിനെക്കുറിച്ച് ചോദിക്കുന്നത്. ‘നമുക്ക് വേണ്ടി സ്‌ക്രിപ്റ്റ് ഒന്നും എഴുതാന്‍ തനിക്ക് പറ്റില്ലേ’ എന്നാണ് മമ്മൂക്ക ചോദിക്കാറ്. പുള്ളി അത് പകുതി സീരീയസായിട്ടും പകുതി കോമഡിയായിട്ടായിരിക്കും പറയുന്നുണ്ടാവുക. പക്ഷേ ആ സമയത്ത് പുള്ളി ചോദിച്ച കാര്യം നമ്മുടെ ബ്രയിനില്‍ രജിസ്റ്ററായിട്ടുണ്ടാകും.

പിന്നീട് നമ്മള്‍ അടുത്ത കഥ എഴുതുമ്പോള്‍ മമ്മൂക്ക പറഞ്ഞ കാര്യം ചിന്തിക്കും. അപ്പോള്‍ പുള്ളിക്ക് വേണ്ടി പുതിയതായി എന്ത് ചെയ്യണമെന്ന് ആലോചിക്കും. അങ്ങനെ നമ്മള്‍ നല്ലൊരു കഥയുമായി ചെല്ലുമ്പോള്‍ വൈഡ് ആയിട്ടുള്ള ഒരു സ്ഥലത്തേക്കാണ് എത്തുക. പുതിയ എല്ലാ എഴുത്തുകാരോടും അദ്ദേഹം ഇക്കാര്യം ചോദിക്കും. പുതിയ കഥകള്‍ക്കും സിനിമകള്‍ക്കും വേണ്ടി ആ മനയ്ക്കല്‍ കസേരയിട്ട് കാത്തിരിക്കുന്ന ചാത്തനാണ് മമ്മൂക്ക,’ മിഥുന്‍ പറഞ്ഞു.

Content Highlight: Midhun Manuel Thomas about the script selection of Mammootty