നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയെ കിരീടം ചൂടിച്ച് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ജഡേജയും അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ അവസാനമായി ഐ.സി.സി കിരീടം ചൂടിയ 2013 ചാമ്പ്യന്‍സ് ട്രോഫിയിലും ഈ മൂന്ന് താരങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോഹ്‌ലിയുടെയും നായകന്‍ രോഹിത് ശര്‍മയുടെയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും അഭാവം ഇന്ത്യന്‍ ടീമില്‍ വലിയൊരു വിടവ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാരണം പകരം വെക്കാനില്ലാത്ത ക്രിക്കറ്റ് കരിയറാണ് മൂവര്‍ക്കും ഉണ്ടായിരുന്നത്.
എന്നാല്‍ ഈ മൂന്ന് താരങ്ങളുടെയും പകരക്കാരെ ഇന്ത്യക്ക് എളുപ്പം കണ്ടെത്താന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മൈക്കല്‍ വോണ്‍. ക്ലബ്ബ് പ്രയറി ഫയറിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ ഇക്കാര്യം പറഞ്ഞത്.
‘അന്താരാഷ്ട്ര ടി-20യില്‍ എന്നെ സംബന്ധിച്ച് രോഹിത് ശര്‍മയുടെ സ്ഥാനം മികച്ച താരങ്ങള്‍ക്കൊപ്പമാണ്. അവന്‍ വളരെ മികച്ച ക്യാപ്റ്റനാണ്. വിരാടിനെ കുറിച്ച് പറയുകയാമെങ്കില്‍ അവന്‍ ഇന്‍ക്രെഡിബിളായ ബാറ്ററാണ്.
ഇവര്‍ രണ്ട് പേരും ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും ഒപ്പം ഐ.പി.എല്ലും തുടര്‍ന്ന് കളിക്കും. ഇതുകൊണ്ടുതന്നെ ഇവരില്‍ നിന്നും നമുക്കിനിയും ഏറെ പ്രതീക്ഷിക്കാം.
ജഡേജയാകട്ടെ അന്താരാഷ്ട്ര ടി-20യിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ്. ഇങ്ങനെയൊരു വിരമിക്കല്‍ തന്നെയാണ് ഇവര്‍ക്ക് അനുയോജ്യമായിട്ടുള്ളത്. പക്ഷേ ഇവര്‍ കൂടുതല്‍ ഐ.സി.സി ട്രോഫികള്‍ നേടണമായിരുന്നു.
രോഹിത് 2007ല്‍ ഒരു ലോകകപ്പ് നേടിയിട്ടുണ്ട്. അതിന് ശേഷം മറ്റൊന്ന് സ്വന്തമാക്കാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഐ.സി.സി ട്രോഫി കയ്യിലെടുത്തുകൊണ്ടുള്ള വിരമിക്കല്‍, എത്ര മികച്ചതാണ്. ഇനി ടെസ്റ്റില്‍ കുറച്ച് മികച്ച മത്സരങ്ങളും ഏകദിനവും ഐ.പി.എല്ലും കളിക്കൂ.
ക്രിക്കറ്റ് ചരിത്രത്തിലെ മൂന്ന് ഇതിഹാസ താരങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ഇവരെ ഉറപ്പായും മിസ് ചെയ്യും. പക്ഷേ ഇവര്‍ക്ക് എളുപ്പം പകരക്കാര്‍ വരും, കാരണം അത്രത്തോളം മികച്ച ടാലന്റഡായ താരങ്ങള്‍ ഇന്ത്യയിലുണ്ട്,’ വോണ്‍ കൂട്ടിച്ചേര്‍ത്തു.