governance
ശാന്തിവനം: ടവര്‍ നിര്‍മാണത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍; നടപടി എം.എല്‍.എ എസ്. ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍
കൊച്ചി: ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. ജൂണ്‍ മൂന്നാം തിയ്യതിയാണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ എ.പി അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. എം.എല്‍.എ എസ്. ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല അധികൃതര്‍ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
“ശാന്തിവനത്തിലൂടെ കടന്നുപോകുന്ന മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈനിന്റെ അലൈന്റ്‌മെന്റ്‌റ് സംബന്ധിച്ച് അനില്‍കുമാര്‍ വൈദ്യുത മന്ത്രി എം.എം മണിക്കെതിരേയും എം.എല്‍.എ ശര്‍മക്കെതിരേയും ഫേസ്ബുക്ക് വഴി മോശം പരാമര്‍ശം നടത്തി. ഇതില്‍ എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി കൊടുക്കുകയും സ്പീക്കര്‍ എം.ജി സര്‍വകലാശാലയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സര്‍വകലാശാല അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960ലെ ചട്ടം 60(എ)യുടെ ലംഘനമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യുന്നതെ”ന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. കൂടാതെ സസ്പന്‍ഷന്‍ കാലയളവില്‍ അലവന്‍സുകള്‍ക്കും അര്‍ഹതയുണ്ടാവില്ലെന്നും സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവിലുണ്ട്.
ഇതാണ് അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ ‘കാരണമായ’ ഫേസ്ബുക്ക് പോസ്റ്റ്;
‘ശാന്തിവനം..
കൊല്ലാന്‍ തീരുമാനമില്ല, പക്ഷേ കഴുത്തുമുറിക്കും. പ്രകൃതിയെ സംരക്ഷിക്കും, പക്ഷേ മരങ്ങള്‍ മുറിക്കും മുടി മുറിക്കും. ഇത് അതേ സ്‌ക്രിപ്റ്റ് തന്നെയാണ്. മരുഭൂമികള്‍ ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും എക്കാലത്തും ഇഷ്ടപ്പെടുന്ന സ്‌ക്രിപ്റ്റ്. കാടുമുടിക്കുന്നവരുടെ, മല ഇടിക്കുന്നവരുടെ, നീര്‍ത്തടവും വയലും നികത്തുന്നവരുടെ, ജനാധിപത്യത്തോട് പുഛം സൂക്ഷിക്കുന്നവരുടെ, എസ്.ശര്‍മ്മയുടെ, എം.എം മണിയുടെ….., അങ്ങനെ ലാഭാധിഷ്ഠിത തൂക്കി വില്‍പ്പനാ മുന്നേറ്റങ്ങളുടെ സ്വന്തം സ്‌ക്രിപ്റ്റ്. ആലപ്പാട് മാന്തി തീര്‍ക്കുന്നതും, പശ്ചിമഘട്ടം തുരന്നു തീര്‍ക്കുന്നതും, പാടങ്ങള്‍ നികത്തിത്തീര്‍ക്കുന്നതും, കാടുകള്‍ തീറഴുതുന്നതും, കാട്ടുവാസിയെ അടിച്ചോടിക്കുന്നതും, പൗരാവകാശങ്ങളെ ഇല്ലാതാക്കുന്നതും, എതിര്‍ക്കുന്നവരെ കൊന്നു തീര്‍ക്കുന്നതും ഒരേ പ്രത്യയശാസ്ത്രമാണ്. ക്ലൈമാക്‌സിന് തൊട്ടുമുമ്പ് അവരുടെ മുഖലക്ഷണം വെളിപ്പെടും. ഒരു ചര്‍ച്ച…, പിന്മാറ്റം എന്നു തോന്നിക്കുന്ന ഒരു കപടവിനയം. സഖാവ് വ്‌ലാഡിമിര്‍ ഇല്ലിച്ച് ലെനിന്റെ അടവാണത്. ‘ഒരടി പിന്നോട്ട്…, രണ്ടടി മുന്നോട്ട്’ എന്നാണതിന്റെ പേര്. വാമനന്റെ മൂന്നാമത്തെ അടിക്ക് ബാക്കിയില്ലാത്ത വിധം ഭൂമിയും ആകാശവും ഇല്ലാതാക്കുന്ന അധികാരപ്രമത്തതയുടെ ചുവട്. ഇന്ത്യയിലെ ഈ വിപ്ലവാവശിഷ്ടം ഇനി എത്രനാള്‍ കൂടി മനുഷ്യദ്രോഹം തുടരും എന്ന ചോദ്യം മാത്രം. അടിമുടി ഫാസിസ്റ്റുകള്‍, ഫാസിസം തടയുമത്രേ’.
ഈ പോസ്റ്റില്‍ എം.എം മണിയേയും ശര്‍മയേയും അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപിക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളോട്, ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്ന സമീപനങ്ങളെ വിമര്‍ശിക്കുകയാണ് അനില്‍കുമാര്‍ ചെയ്തതെന്ന് പോസ്റ്റില്‍ വ്യക്തമാണ്. ഇതേ വിഷയങ്ങളില്‍ എണ്ണമറ്റ മനുഷ്യര്‍ പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിക്കാറുണ്ട്. അതില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടും. പക്ഷേ എന്തുകൊണ്ടാണ് തന്നെ ടാര്‍ഗറ്റ് ചെയ്ത് സസ്‌പെന്റു ചെയ്തതെന്ന് അറിയില്ലെന്നാണ് അനില്‍കുമാര്‍ വ്യക്തമാക്കുന്നത്. ഇടതുപക്ഷ സംഘടനാ സംവിധാനത്തോട് അനുഭാവം പുലര്‍ത്തുന്ന ആളുകൂടിയാണ് അനില്‍കുമാര്‍.
അനില്‍കുമാറുമായി 31 വര്‍ഷത്തെ സൗഹൃദമാണെന്ന് ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ പറയുന്നു. ‘1988 ല്‍ യു.സി കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള സൗഹൃദമാണ്. മൂന്നു പതിറ്റാണ്ട് കാലമായി ശാന്തിവനത്തില്‍ അനില്‍ വന്നുപോകാന്‍ തുടങ്ങിയിട്ട്. ശാന്തിവനത്തിലെ കാക്കക്കൂട്ടം (C-ROWS) എന്ന ക്ലബിലെ കുട്ടികള്‍ക്ക് നാടകം പഠിപ്പിക്കുന്നതും അനില്‍കുമാറാണ്. അതുകൊണ്ട് തന്നെ ശന്തിവനത്തിനേറ്റ ആഘാതങ്ങള്‍ അനില്‍കുമാറിനേയും ബാധിക്കും. അതില്‍നിന്നുണ്ടായ പ്രതികരണമാണ്. അതാണ് മനുഷ്യത്വം, സൗഹൃദം, സ്‌നേഹം. അത് മനസ്സിലാവണമെങ്കില്‍ നീതിബോധം ഉണ്ടാവണം’- മീന മേനോന്‍ പറയുന്നു.
ഇതിനു മുന്‍പും സര്‍വകലാശാല അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 2018 ആഗസ്റ്റ് 18ന്. ഫേസ്ബുക്ക് കുറിപ്പിട്ടതിനു തന്നെയായിരുന്നു സര്‍വകലാശാലയുടെ നടപടി. സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനക്കകത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിനായിരുന്നു നടപടി. മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീനെ വിമര്‍ശിച്ചുള്ള കുറിപ്പായിരുന്നു അത്.
ഷറഫുദ്ദീന്‍ എം.ജി സര്‍വകലാശാലയുടെ എംപ്ലോയീസ് അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും ജീവനക്കാരുടെ സംസ്ഥാന ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയും സിന്‍ഡിക്കേറ്റു മെമ്പര്‍ കൂടിയായിരുന്നു.
സര്‍വകലാശാലയില്‍, 31 യോഗ്യതയില്ലത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കുന്നതുമായി ബന്ധപ്പെട്ട് പി.എസ്.സി വഴി പ്രവേശനം നേടിയവര്‍ സമരം ചെയ്തിരുന്നു. സ്ഥാനക്കയറ്റം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത് ഭൂരിപക്ഷവും ഇടതുപക്ഷ സംഘടനയിലുള്ള ആളുകള്‍ക്കായിരുന്നു. ഒരു പരിപാടിയില്‍ പ്രസംഗിക്കവേ പി.എസ്.സി വഴി പ്രവേശനം കിട്ടിയര്‍ക്കെതിരെ ഷറഫുദ്ദീന്‍ വളരെ മോശമായി സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് 2018 മെയ് 31ന് കൂടിയ സംഘടനയുടെ ജനറല്‍ ബോഡിയില്‍ ഷറഫുദ്ദീന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ അനില്‍കുമാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതുകഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വിശദീകരണം ചോദിക്കാതെ അനില്‍കുമാറിനെ പുറത്താക്കി.
തുടര്‍ന്ന് സംഘടനക്കകത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഈ ഫേസ്ബുക്ക് കുറിപ്പ് ഉയര്‍ത്തിക്കാട്ടി, വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സസ്‌പെന്റു ചെയ്യുന്നത്. അതിനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അനില്‍കുമാറിനെ തിരിച്ചെടുക്കാന്‍ കോടതി വിധിക്കുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ എട്ടാം തിയ്യതി തിരിച്ചു ജോലിയില്‍ പ്രവേശിച്ചു. അന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ‘ഒരാള്‍ക്ക് അയാളുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയാം. പക്ഷേ സ്ഥാപനത്തിന്റെ കൂട്ടായ താല്‍പ്പര്യത്തിന് എതിരായിരിക്കരുത്’ എന്നാണ്. മാത്രമല്ല, കെ.കെ രാമന്‍കുട്ടി vs സ്റ്റേറ്റ് ഓഫ് കേരള കേസിലെ വിധി ഉദ്ധരിച്ചു കൊണ്ട് സസ്‌പെന്‍ഷന്‍ ഒരു ശിക്ഷാ നടപടിയല്ലെന്നും തക്ക കാരണമില്ലാതെ ജീവനക്കാരെ പുറത്തു നിര്‍ത്തരുതെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു.
ഈ വിധിക്ക് വിരുദ്ധമായാണ് സര്‍വകലാശാല വീണ്ടും അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അനില്‍കുമാറിനെ സസ്‌പെന്റു ചെയ്തിരിക്കുന്നത്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ 24 വര്‍ഷമായി സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ഥിയായ അനില്‍കുമാര്‍ വിവിധ ജനകീയ സമരങ്ങളോട് ഐക്യപ്പെടുകയും പ്രതികരണം, അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ നാടകപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. ഇങ്ങനെ പ്രതികരിക്കുന്നവരുടെ വായടപ്പിക്കുന്ന, അന്നംമുട്ടിപ്പിക്കുന്ന നയങ്ങളും നിലപാടുകളും ജനാധിപത്യത്തിന്, പൗരന്റെ മൗലികാവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും.
ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം