സീതാറാം യെച്ചൂരി, ഡി.രാജ, ശരത് യാദവ് എന്നിവര്‍ വിഘടനവാദി നേതാവ് സഈദ് അലി ഷാ ഗിലാനിയുടെ വീട്ടിലെത്തിയെങ്കിലും ഇവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല.
ശ്രീനഗര്‍: രണ്ടു മാസത്തോളമായി കാശ്മീരിനെ അസ്വസ്ഥമാക്കുന്ന സംഘര്‍ഷം തണുപ്പിക്കാനെത്തിയ സര്‍വകക്ഷി സംഘത്തെ കാണാന്‍ വിഘടനവാദി നേതാക്കള്‍ വിസമ്മതിച്ചു.
ഇത്തരം ചര്‍ച്ചകള്‍കൊണ്ട് യാതൊരു ഫലവുമില്ലെന്ന് വ്യക്തമാക്കിയാണ് വിഘടനവാദി നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചത്. സര്‍വകക്ഷി സംഘത്തില്‍പ്പെട്ട പ്രതിപക്ഷാംഗങ്ങളായ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, ജെ.ഡി.യു നേതാവ് ശരത് യാദവ്, ആര്‍.ജെ.ഡി നേതാവ് ജയ് പ്രകാശ് നാരായണ്‍ എന്നിവരാണ് വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചത്.
സീതാറാം യെച്ചൂരി, ഡി.രാജ, ശരത് യാദവ് എന്നിവര്‍ വിഘടനവാദി നേതാവ് സഈദ് അലി ഷാ ഗിലാനിയുടെ വീട്ടിലെത്തിയെങ്കിലും ഇവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഗിലാനിയുടെ വീടിനു പുറത്ത് തടിച്ചുകൂടിയവര്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നിലവില്‍ വീട്ടുതടങ്കലിലാണ് ഗീലാനി.
നേരത്തെ, ഹുറിയത്ത് ചെയര്‍മാന്‍ അബ്ദുല്‍ ഗനി ബട്ടുമായും സംഘം ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബി.എസ്.എഫിന്റെ കരുതല്‍ തടങ്കലിലുള്ള ജെ.കെ.എല്‍.എഫ് അധ്യക്ഷന്‍ യാസീന്‍ മാലിക്കിനെ കാണാന്‍ സംഘമെത്തിയെങ്കിലും താന്‍ ദല്‍ഹിയിലെത്തുമ്പോള്‍ സംസാരിക്കാമെന്നറിയിച്ച മാലിക്ക്, സംഘത്തെ മടക്കി അയച്ചു.
ആരെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കുന്നപക്ഷം അവരുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി സംഘം തയാറാണെന്ന് വ്യക്തമാക്കുന്നതിനാണ് വിഘടവാദി നേതാക്കളുടെ വീടുകളില്‍ നേരിട്ടെത്തിയതെന്ന് സംഘത്തിലുണ്ടായിരുന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് വ്യക്തമാക്കി.
നേരത്തെ, സര്‍വകക്ഷി സംഘവുമായി കൂടിക്കാഴ്ച നടത്താനുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുടെ ക്ഷണവും വിഘടനവാദി നേതാക്കള്‍ നിരസിച്ചിരുന്നു. സഈിദ് അലി ഷാ ഗിലാനി, മിര്‍വയ്‌സ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് മെഹബൂബയുടെ ക്ഷണം നിരസിച്ചത്. ചര്‍ച്ചയ്ക്കായുള്ള ക്ഷണം വഞ്ചനാപരമാണെന്നും വിഘടനവാദി നേതാക്കള്‍ ആരോപിച്ചു.