തെഹ്‌റാന്‍: ഇറാനിലെ പ്രമുഖ ഷിയ നേതാവും സര്‍ക്കാരിന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ടിലെ അംഗവുമായ ആയത്തുള്ള അബ്ബാസലി സുലൈമാനിയെ വെടിവെച്ച് കൊന്നു. വടക്കന്‍ ഇറാനിലെ മസന്ദരന്‍ പ്രവിശ്യയിലെ ബാങ്കില്‍ വെച്ചുണ്ടായ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടതെന്ന് ഇര്‍ന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെച്ചയാളെ പൊലീസെത്തി കീഴ്‌പ്പെടുത്തിയതായും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിലെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന 88 അംഗങ്ങളുള്ള ശൂറ കൗണ്‍സിലിലെ മുതിര്‍ന്ന അംഗമാണ് 70 കാരനായ സുലൈമാനി. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗമായ ഇദ്ദേഹം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമൈനിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇറാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മെല്ലി ബാങ്കിന്റെ ബാബോല്‍സാര്‍ ബ്രാഞ്ചിലെത്തിയ സുലൈമാനിക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു.
അതേസമയം ബാങ്കില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് സുലൈമാനിക്കെതിരെ നിറയൊഴിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മസന്ദരന്‍ പ്രവിശ്യ ഗവര്‍ണര്‍ മഹ്മൂദ് ഹുസൈന്‍പൂരാണ് ഇക്കാര്യം പറഞ്ഞതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ആക്രമണമാണോ ഉണ്ടായതെന്ന കാര്യത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പ്രാഥമികമായി ഭീകരവാദ സാന്നിധ്യം സംശയിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇത് ആദ്യമായല്ല ഇറാനില്‍ മത പുരോഹിതര്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും വടക്ക് കിഴക്കന്‍ നഗരമായ മഷാദിലെ ഷിയാ ആരാധനാലയത്തിലുണ്ടായ കത്തി ആക്രമണത്തില്‍ രണ്ട് മതപുരോഹിതന്‍മാര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉസ്ബക്കിസ്ഥാന്‍ പൗരനെ ജൂണില്‍ തൂക്കിലേറ്റിയുട്ടെണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഹിജാബ് വിഷയത്തില്‍ മഹ്‌സ അമീനിയെന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് ശേഷം ഇറാനില്‍ സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആക്രമണവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.