Advertisement
Citizenship Amendment Act
പൗരത്വ നിയമത്തില്‍ തട്ടി ജെ.ഡി.യു; രാജിസന്നദ്ധത അറിയിച്ച് പ്രശാന്ത് കിഷോര്‍; നിതീഷ് കുമാറിന്റെ നിലപാട് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 15, 02:18 am
Sunday, 15th December 2019, 7:48 am

പട്‌ന: പൗരത്വ ഭേദഗതി നിയമത്തില്‍ ജെ.ഡി.യു നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും പാര്‍ട്ടി ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോറിനെ മെരുക്കാന്‍ നേതൃത്വം. ഇന്നലെ പാര്‍ട്ടി അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പ്രശാന്തിനെ കണ്ടുകഴിഞ്ഞു.

എന്നാല്‍ കൂടിക്കാഴ്ചയില്‍, പ്രശാന്ത് രാജിസന്നദ്ധത അറിയിച്ചതായും അത് നിതീഷ് നിരസിച്ചതായുമുള്ള വാര്‍ത്തകളാണു പുറത്തുവരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ താനെടുത്ത നിലപാടില്‍ നിന്നു മാറില്ലെന്ന് പ്രശാന്ത് നിതീഷിനെ അറിയിച്ചുകഴിഞ്ഞു.

നിതീഷ് കുമാറിനു വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണു താന്‍ നിലപാട് പരസ്യമായി പറഞ്ഞതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശാന്ത് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്‍.ആര്‍.സിക്ക് അനുകൂലമല്ലെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു എന്നുമാണ് നിതീഷ് പറയുന്നത്. പക്ഷേ എന്‍.ആര്‍.സിയുമായി താരതമ്യം ചെയ്യുമ്പോള്‍, പൗരത്വ ഭേദഗതി നിയമം കൂടുതല്‍ വിവേചനപരമാണ്.’- പ്രശാന്ത് പറഞ്ഞു.

പാര്‍ട്ടി തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി വിടാമെന്ന് പ്രശാന്തിന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് പറഞ്ഞതിനു മണിക്കൂറുകള്‍ക്കകമാണ് അനുനയ ശ്രമവുമായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ തന്നെ രംഗത്തെത്തിയത്.

ഇരു സഭകളിലും ജെ.ഡി.യു പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചിരുന്നു. അതേസമയം പ്രശാന്ത് ബില്ലിനെതിരെ പലപ്പോഴായി രംഗത്തുവരികയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള, മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്.’- എന്നായിരുന്നു പ്രശാന്തിന്റെ നിലപാട്.