national news
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 31, 10:10 am
Wednesday, 31st July 2019, 3:40 pm

ന്യൂദല്‍ഹി:  ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക്‌സഭയില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലേക്ക്. രാജ്ഭവനുകള്‍ക്ക് മുമ്പിലാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം നടത്തുക. സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ സമരമെന്നും ഐ.എം.എ അറിയിച്ചു.

എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി നല്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്. നിയമം വന്നാല്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എം.ബി.ബി.എസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും.

എം.ബി.ബി.എസിന്റെ അവസാന വര്‍ഷ പരീക്ഷ പി.ജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നും ബില്ലില്‍ ഉണ്ട്. ഇത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ കുറയ്ക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

ബില്ല് പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടരുന്നുണ്ട്. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും നിന്നൊഴിവാക്കിയാണ് സമരം. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും.