ടെലിവിഷന്‍ ചാനലുകള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലുള്ള ഒരു സംവിധാനം നിലവിലില്ല. ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ഭരണകൂടം ഒരു നടപടിയെടുത്താല്‍ അത് കോടതി വഴി മാത്രമേ ചോദിക്കാനാകൂ.
മീഡിയ വണിനെതിരായ കേസിനെ ഒരു ഉദാഹരണമായി എടുക്കുക. രാജ്യസുരക്ഷ എന്ന ഒറ്റ കാരണം വഴി നിങ്ങള്‍ക്ക് ലഭിക്കേണ്ട ക്ലിയറന്‍സ് ഞങ്ങള്‍ക്ക് നിഷേധിക്കാം, എന്ന മെസേജാണ് ഇതുവഴി നല്‍കുന്നത്. ഇത് മീഡിയ വണിനെതിരായ നടപടി മാത്രമല്ലെന്നും ഞങ്ങള്‍ക്കും ഇത് സംഭവിക്കാമെന്നും ഇപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടായേക്കാം.
മീഡിയ വണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചത് കഴിഞ്ഞ ദിവസമാണ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചത്. വിലക്കിനെതിരെ മീഡിയ വണ്‍ നിയമപോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയാണ് മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററായ എസ്.എ. അജിംസ്.
രാജ്യസുരക്ഷയുടെ പരിച ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മീഡിയ വണിന് ലൈസന്‍സ് പുതുക്കി നല്‍കാനാകില്ല എന്ന് പറയുന്നത്. മീഡിയ വണ്‍ മാനേജ്മെന്റിന്റെ മുസ്‌ലിം പശ്ചാത്തലമായിരിക്കുമോ ഈ വിലക്കിന് കാരണമായത്?
ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ളത് ഒരു കോടതി വിധിയാണ്. ആ വിധി വായിക്കുമ്പോള്‍ മുസ്‌ലിം ഐഡന്റിറ്റി ഒരു പ്രശ്‌നമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭ്യമല്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എന്തുകൊണ്ട് മീഡിയ വണിന് നല്‍കുന്നില്ല എന്നതിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല. അത് ഞങ്ങളെ അറിയിച്ചില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഞങ്ങള്‍ക്കത് ബോധ്യപ്പെടുക എന്നത് സ്വാഭാവിക നീതിയുടെ ഭാഗമാണ്.
ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. അത് ഈ സ്ഥാപനത്തിന് മാത്രമുള്ള അവകാശമല്ല. ഇവിടെയുള്ള ജേര്‍ണലിസ്റ്റുകളുടെ കൂടി അവകാശമാണ്. ആഭ്യന്തരവകുപ്പ് നല്‍കേണ്ട ക്ലിയറന്‍സ് എന്തുകൊണ്ട് നല്‍കുന്നില്ല എന്നതിനുള്ള കാരണം മീഡിയ വണിനെ ബോധിപ്പിച്ചിട്ടില്ല. കോടതിയില്‍ കേന്ദ്രം പറയുന്നത് രാജ്യസുരക്ഷയുടെ ഭാഗമാണ് എന്നാണ്.
എങ്കില്‍, രാജ്യസുരക്ഷയ്ക്ക് വിഘാതമാകുന്ന എന്ത് പ്രവര്‍ത്തനമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ചെയ്തതെന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്. അത് ഞങ്ങളുടെ അവകാശമാണ്. ഈ ആവശ്യം ഉന്നയിച്ചാണ് നിയമ പോരാട്ടം. മുസ്‌ലിം ഐഡന്റിറ്റിയാണോ പ്രശ്‌നമെന്നത് പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
സംസ്ഥാന സര്‍ക്കാരിന്റെയും ബി.ജെ.പി ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരുടെയുമൊക്കെ പിന്തുണ ഇപ്പോള്‍ മീഡിയ വണിനുണ്ട്. എന്നിട്ടും മീഡിയ വണ്‍ പൂട്ടിപ്പോയത് നന്നായി എന്ന തരത്തില്‍ പ്രതികരിക്കുന്നവരുണ്ട്. ബി.ജെ.പി വിരുദ്ധ പക്ഷത്തുള്ളവരും ഇക്കൂട്ടത്തിലുണ്ട്. അതിനുള്ള കാരണമെന്താവും?
കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും ചിലര്‍ക്ക് വിരോധമുണ്ടാകും. തങ്ങള്‍ക്ക് വിരോധമുള്ളവര്‍ക്ക് നിയമപരമായോ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ തിരിച്ചടിയുണ്ടായാല്‍ സന്തോഷിക്കുന്ന ആളുകളുണ്ട്.
അങ്ങനെയുള്ളയാളുകള്‍, അവരുടെ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ‘തങ്ങളെ വിമര്‍ശിച്ച ആളുകള്‍ ഇനി മിണ്ടാതിരിക്കുമല്ലോ,’ എന്ന ചെറിയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിക്കുന്നത്.
മീഡിയ വണ്‍ നിരന്തരം വിമര്‍ശിക്കുന്നത് ഭരണകൂടങ്ങളെയാണ്. അത് ഭരണകൂടങ്ങളെ വിമര്‍ശിക്കുക എന്ന മാധ്യമങ്ങളുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ്. അതുകൊണ്ട് തന്നെ കേന്ദ്രത്തിലും കേരളത്തിലുമുള്ള സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ക്ക് സന്തോഷമുണ്ടാകും. ഇനി ഭരണകൂടം മാറി, വേറെ സര്‍ക്കാരുകളെ ഓഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍ ആ പാര്‍ട്ടിയിലെ അണികള്‍ക്കും അന്ന് ഇങ്ങനെ ഒരു നടപടിയുണ്ടായാല്‍ സന്തോഷമാകും. ഇതിനെ ഞാന്‍ ഇങ്ങനയേ കാണുന്നുള്ളൂ, അതിനപ്പുറത്തേക്ക് എന്തെങ്കിലും കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
മീഡിയ വണിനെതിരായ നടപടിയില്‍ സന്തോഷിക്കുന്ന സംഘപരിവാറുകാരല്ലാത്തവരോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?
നിങ്ങളുടെ നേരത്തെയുള്ള ചോദ്യവുമായി ബന്ധപ്പെടുത്തിയാല്‍ ഒരു മുസ്‌ലിം മാനേജ്‌മെന്‍റിന്റെ സ്ഥാപനത്തിനെതിരായ നടപടി എന്ന നിലയില്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി സന്തോഷിക്കുന്നവരുണ്ടായിരിക്കാം. അങ്ങനെയുള്ളവര്‍ അത് തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്‌നം. സംഘപരിവാര്‍ സെറ്റ് ചെയ്യുന്ന ഇസ്‌ലാമോഫോബിയ സമൂഹത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അത്് ഇവരെയെല്ലാം ബാധിച്ചിട്ടുണ്ടാകാം. എല്ലാവരിലും ഒരേ രീതിയില്‍ അത് ബാധിക്കണമെന്നില്ല. ഏറിയും കുറഞ്ഞും പലരേയും അത് സ്വാധീനിച്ചിട്ടുണ്ടാകാം. ആ പ്രതിഫലനം സ്വാഭാവികമാണ്.
ഇസ്‌ലാമോഫോബിയയെ എതിര്‍ക്കുന്നവരില്‍ തന്നെ മീഡിയ വണിന് കിട്ടിയ തിരിച്ചടിയില്‍ സന്തോഷിക്കുന്നവരുണ്ട്. മീഡിയ വണിന്റെ നിലപാടിനോട് വിയോജിക്കുന്ന ധാരാളം ആളുകളുടെ കൂട്ടത്തിലുള്ളവരാണവര്‍. വാര്‍ത്തകള്‍ പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണല്ലോ. അങ്ങനെ ഞങ്ങള്‍ നേരത്തെ നല്‍കിയ വാര്‍ത്തയുടെ പേരില്‍ ഇപ്പോള്‍ സന്തോഷിക്കുന്നവരുമുണ്ടായേക്കാം.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മീഡിയ വണിനെതിരായ കേന്ദ്ര നടപടി ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ നടപടി നേരിട്ട ദിവസം അങ്ങനെയുണ്ടായില്ല എന്ന വിമര്‍ശനമുണ്ട്. മറ്റ് മാധ്യമങ്ങളില്‍ നിന്നുള്ള പിന്തുണ വൈകി എന്ന അഭിപ്രായമുണ്ടോ?
അതിന് പിന്നില്‍ വേറെ കാരണങ്ങളുണ്ട്. 2014ന് ശേഷം മാധ്യമങ്ങള്‍ ഡിഫന്റിലാണ്. മാധ്യമങ്ങള്‍ അതിന് മുമ്പ് പ്രവര്‍ത്തിച്ചത് പോലെയല്ല പിന്നീട് പ്രവര്‍ത്തിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഭരണകൂടത്തിന് അനിഷ്ടമായ ഒന്നുംതന്നെ പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കുറച്ചെങ്കിലും മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതില്‍ പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ടെലിവിഷന്‍ ചാനലുകള്‍. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന ഒരു സ്വതന്ത്ര്യ ബോഡി വഴി പരാതി പറയാനും അപ്പീല്‍ പോകാനുമൊക്കെ പത്രങ്ങള്‍ക്ക് കഴിയും.
എന്നാല്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലുള്ള ഒരു സംവിധാനം നിലവിലില്ല. ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ഭരണകൂടം ഒരു നടപടിയെടുത്താല്‍ അത് കോടതി വഴി മാത്രമേ ചോദിക്കാനാകൂ.
മീഡിയ വണിനെതിരായ കേസിനെ ഒരു ഉദാഹരണമായി എടുക്കുക. രാജ്യസുരക്ഷ എന്ന ഒറ്റ കാരണം വഴി നിങ്ങള്‍ക്ക് ലഭിക്കേണ്ട ക്ലിയറന്‍സ് ഞങ്ങള്‍ക്ക് നിഷേധിക്കാം, എന്ന മെസേജാണ് ഇതുവഴി നല്‍കുന്നത്. ഇത് മീഡിയ വണിനെതിരായ നടപടി മാത്രമല്ലെന്നും ഞങ്ങള്‍ക്കും ഇത് സംഭവിക്കാമെന്നും ഇപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടായേക്കാം.
തുടക്കത്തില്‍ മറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച മൗനത്തിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ആ വിമര്‍ശനങ്ങള്‍ അവര്‍ ഉള്‍ക്കൊണ്ടു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മാധ്യമ സാഹോദര്യത്തിന്റെ ഐക്യദാര്‍ഢ്യം. അതിനെ സ്വാഗതം ചെയ്യുകയാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പിന്തുണയൊക്കെ കണക്കിലെടുത്ത് മീഡിയ വണിന് ഈ നടപടിയെ അതിജീവിക്കാന്‍ കഴിയുമോ?
ഭരണഘടനയില്‍ വിശ്വസിക്കുന്നവരെന്ന നിലയില്‍ നമുക്ക് നേരെയുള്ള അനീതി ചോദ്യം ചെയ്യാനുള്ള ഒരേയൊരു മാര്‍ഗം കോടതിയാണ്. നിയമപരമായ പോരാട്ടമാണ് ഞങ്ങളിപ്പോള്‍ നടത്തുന്നത്. പൊളിറ്റിക്കല്‍ ക്യാമ്പയിന്‍ കൊണ്ട് മാത്രം നിലവിലെ സാഹചര്യം മറികടക്കുക സാധ്യമല്ല. ഇതൊരു ഭരണഘടനാ പ്രശ്‌നമാണ്. അതിനെ ആ നിലയില്‍ തന്നെ ചോദ്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
മറ്റൊരു കാര്യം, ഇത് മീഡിയ വണിനെതിരായ ഒരു കേസ് മാത്രമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരായി ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.
മീഡിയ വണ്‍ എന്ന സ്ഥാപനത്തെയും അതിന്റെ മാനേജ്‌മെന്റിനേയും വിമര്‍ശിച്ചിരുന്നവര്‍ പോലും ഇപ്പോഴത്തെ ഗൗരവം മനസിലാക്കി മീഡിയ വണിനൊപ്പം നില്‍ക്കുന്നതും ഈ കാരണത്താലാണ്.
മീഡിയ വണ്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമ പോരാട്ടത്തിലൂടെ മുന്നോട്ടുവെക്കുന്ന ചോദ്യം ഒരു മാധ്യമ സ്ഥാപനത്തെ ദേശസുരക്ഷ എന്ന ഉമ്മാക്കി കാണിച്ച് വാ മൂടിക്കെട്ടാന്‍ കഴിയുമോ എന്നാണ്. ഭരണഘടനാ ബെഞ്ചിലായിരിക്കും ഈ കേസ് അവസാനിക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ചെറിയ ചില അപവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പോലും മാധ്യമ സ്വാതന്ത്ര്യം കേരളത്തില്‍ കൂടുതലാണ്. വിമര്‍ശനങ്ങളുണ്ടെങ്കിലും ഭരണകൂടങ്ങളെ ഓഡിറ്റ് ചെയ്യുന്ന ഒരു മാധ്യമസംസ്‌കാരം ഇവിടെയുണ്ട്. എന്നാല്‍ അതിന് വിപരീതമായുള്ള ഒരു ട്രെന്‍ഡ് ഇവിടെ രൂപപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നുണ്ടോ? പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ മാധ്യമ കമ്പനികള്‍ കേരളത്തിലേക്ക് വരുന്ന സാഹചര്യത്തില്‍?
മുപ്പത് ലക്ഷത്തോളം ബി.ജെ.പി വോട്ടര്‍മാരുള്ള ഒരു സംസ്ഥാനമാണ് കേരളം. 10 മുതല്‍ 15 ശതമാനമാണ് ഇതിന്റെ നിരക്ക്. അതുകൊണ്ടുതന്നെ ഇവിടെ സംഘപരിവാര്‍ ആഭിമുഖ്യമുള്ളവര്‍ ഇല്ല എന്ന് പറയുക സാധ്യമല്ല.
ഇതുവരെ അവരുടെ താല്‍പര്യങ്ങളെ പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ കുറവായിരുന്നു. ആര്‍.എസ്.എസ് തന്നെ ഒരു ടെലിവിഷന്‍ ചാനല്‍ തുടങ്ങിയതും, ആദ്യമേ ഉണ്ടായിരുന്ന ബി.ജെ.പിയുടെ മുഖപത്രവുമാണ് നിലവില്‍ അവരുടെ പ്രമോട്ടര്‍മാരായുള്ളത്.
എന്നാല്‍ ഇത് മാത്രമാണ് ആര്‍.എസ്.എസ് താല്‍പര്യങ്ങളെ മുന്നോട്ട് വെക്കുന്ന മാധ്യമങ്ങളെന്ന് ഞാന്‍ പറയില്ല. ഒളിഞ്ഞും തെളിഞ്ഞും പലരും അത് ചെയ്യുന്നുണ്ട്. അവരുടെ പ്രേക്ഷകരില്‍ ഈ ബി.ജെ.പി വോട്ടര്‍മാരും ഉണ്ടാകുമല്ലോ എന്നതാണ് അതിനുള്ള കാരണം. സ്വാഭാവികമായും അവരത് പരിഗണിക്കും. പൂര്‍ണമായും സാമൂഹ്യ പ്രവര്‍ത്തനമൊന്നുമല്ല, ആത്യന്തികമായി മീഡിയ എന്നതൊരു ബിസിനസാണല്ലോ. അതുകൊണ്ട് തന്നെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന മാധ്യമങ്ങള്‍ അത് മുന്നോട്ട് വെക്കാതിരിക്കില്ല.
അത് സംഘപരിവാറിന്റെ വാര്‍ത്തകള്‍ കൊടുക്കുകയോ, അവര്‍ക്ക് വേണ്ട വാര്‍ത്തകള്‍ കൊടുക്കുകയോ ഒക്കെ ചെയ്യുന്ന രൂപത്തിലോ ആകാം. ഈയൊരു മാറ്റം മലയാള മാധ്യമങ്ങളില്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി. പല മാധ്യമങ്ങളിലും അത് പ്രകടമായി കാണുന്നുമുണ്ട്.
എന്നാല്‍ പൂര്‍ണമായും ആര്‍.എസ്.എസിന് വഴങ്ങുന്ന ഒരു രീതി കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇല്ല. നിലവില്‍ ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിട്ടുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള ഒരു മാധ്യമ സ്ഥാപനവും കേരളത്തിലുണ്ട്. ആ ചാനല്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടല്ല ഇപ്പോള്‍ സ്വീകരിക്കുന്നത്. അങ്ങനെ നിലപാടെടുത്താല്‍ അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രേക്ഷകര്‍ കൊഴിഞ്ഞുപോകുമെന്നുമുള്ള ഭയം അവര്‍ക്കുണ്ട്.
പൂര്‍ണമായും ആര്‍.എസ്.എസ് പ്രൊപ്പഗാണ്ട നടപ്പിലാക്കി ഒരു മീഡിയക്കും കേരളത്തില്‍ ബിസിനസ് താല്‍പര്യങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലും മാധ്യമങ്ങളെ സംഘപരിവാര്‍ അവരുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമം പല മാര്‍ഗത്തിലും നടക്കുന്നുണ്ട്. അത് വിജയിക്കാത്തതുകൊണ്ടാകാം ഉത്തരേന്ത്യന്‍ മാധ്യമങ്ങളുടെ മലയാളം പതിപ്പുകളുടെ കടന്നുവരവ്. അങ്ങനെ സംഘപരിവാറിന് മേധാവിത്തം ഉറപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് വിജയിക്കുമോ പരാജയപ്പെടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
ചാനല്‍ ചര്‍ച്ചയിലുണ്ടായ നെയിം കോളിംഗി(ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ പേര് വിളിച്ച് സംസാരിക്കുക)നെക്കുറിച്ച് മീഡിയ വണിന്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ നിങ്ങള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. മുസ്‌ലിം സ്വത്വത്തില്‍ നിന്നുകൊണ്ട്, മുസ്‌ലിം സംഘടനയുടെ പിന്തുണയുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും സ്വീകാര്യതക്കുറവ് അനുഭവപ്പെട്ടിട്ടുണ്ടോ?
ഞാന്‍ ജോലി തുടങ്ങുന്നത് മാധ്യമം പത്രത്തിലാണ്. മീഡിയ വണ്‍ തുടങ്ങുമ്പോള്‍ മുതല്‍ ചാനലിന്റെ ഭാഗമാവുകയാണ് ചെയ്തത്. എന്റെ ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ തുടക്കം മീഡിയ വണിലാണ്.
മാധ്യമവും മീഡിയ വണും ഒരേ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളാണ്. ഇവിടെ നിന്നതുകൊണ്ട് മുസ്‌ലിം ഐഡന്റിറ്റി കാരണം കരിയറില്‍ വളര്‍ച്ചയുണ്ടാകില്ല എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഒന്ന് ഉണ്ടാകേണ്ടതില്ല. കാരണം ഞാന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ പുതിയ ആളായാണ് മീഡിയ വണിലെത്തുന്നത്. കരിയറില്‍ നന്നായി പെര്‍ഫോം ചെയ്തു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇനി മറ്റ് സ്ഥാപനങ്ങളിലെ സാധ്യതകളാണെങ്കില്‍. ഞാന്‍ മറ്റ് സ്ഥാപനങ്ങളില്‍ ഇതുവരെ ജോലി നോക്കിയിട്ടില്ല. വളരെ കംഫര്‍ട്ടായി ജോലി ചെയ്യാന്‍ പറ്റുന്ന ഇടമായിട്ടാണ് എനിക്കിവിടെ തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്ഥാപനത്തിന്റെ ഐഡന്റിറ്റി എന്റെ കരിയറിനെ ബാധിച്ചു, എന്ന് എനിക്ക് തോന്നിയിട്ടില്ല.
രാഷ്ട്രീയ വിഷയങ്ങള്‍ സജീവമായി ശ്രദ്ധിച്ച് തുടങ്ങിയത് മുതലാണ് മാധ്യമപ്രവര്‍ത്തകനാകണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. ഞാന്‍ മാധ്യമപ്രവര്‍ത്തകനാകാന്‍ തുടങ്ങുന്ന സമയത്ത് ഇ.കെ. നായനാര്‍ സര്‍ക്കാരിന് ശേഷം എ.കെ ആന്റണി സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് കത്തിനില്‍ക്കുന്നു. അതിന് മുമ്പ് ചന്ദനക്കൊള്ള നടക്കുന്നു, മൂന്നാറിലെ ഭൂമിയെക്കുറിച്ചുള്ള ചോദ്യങ്ങളുയരല്‍ തുടങ്ങി നിരവധി സംഭവങ്ങളുണ്ടായ സമയമാണത്.
ചെറുപ്പം മുതലേ വായനാശീലമുള്ളയാളെന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ജോലിയായിരിക്കും എനിക്ക് നല്ലത് എന്ന് വിചാരിക്കുമ്പോഴാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുക്കുന്നത്. അങ്ങനെ 2003ലാണ് മാധ്യമം പത്രത്തില്‍ കരിയര്‍ ആരംഭിക്കുന്നത്.
Content Highlight: Media One senior news editor SA Ajims interview