മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഇന്ന്‍ ദല്‍ഹിയില്‍ പ്രതിഷേധം
me too
മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഇന്ന്‍ ദല്‍ഹിയില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 8:40 am

ന്യൂദല്‍ഹി: മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഇന്ന് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ഉച്ചക്ക് രണ്ട് മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍, ഇന്ത്യന്‍ എക്‌സ്പ്രസ് രാഷ്ട്രീയ കാര്യ എഡിറ്റര്‍ പ്രശാന്ത് ഝാ ഉള്‍പ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.


മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകയായ യുവതി കേന്ദ്രസഹമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്‌തോടെയാണ് മാധ്യമ രംഗത്തെ കൂടുതല്‍ പീഡന പരാതികള്‍ ഉയര്‍ന്നു വന്നത്. എം.ജെ അക്ബര്‍ മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോള്‍ ഒരു അഭിമുഖത്തിനിടെ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.

സമാനമായ ആരോപണം ഉന്നയിച്ച് ഒരു ദേശീയമാധ്യമത്തിലെ യുവതിയും രംഗത്ത് വന്നിരുന്നു. അദ്ദേഹത്തില്‍ നിന്നും ഉണ്ടായ നിരന്തര അതിക്രമങ്ങള്‍ കാരണം മാധ്യമപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു എന്നാണ് യുവതി പറഞ്ഞത്.

കൂടാതെ അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് കൊളംബിയന്‍ മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതുകയായിരുന്നു. “മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി” ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്.


ദല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.

അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഏഴാമത്തെ മാധ്യമപ്രവര്‍ത്തകയാണ് ഗസാല. അക്ബറിനെതിരെയുള്ള തുറന്നെഴുത്തുകള്‍ ശരിയെന്ന് നേരിട്ട് അറിയാമെന്ന് മാധ്യമാപ്രവര്‍ത്തകരായ സാബാ നഖ്വിയും മധുപൂര്‍ണ്ണിമ കിശ്വാറും വ്യക്തമാക്കിയിരുന്നു.