Kashmir Turmoil
വീട്ടുതടങ്കലില്‍ക്കഴിയുന്ന ഫാറൂഖ് അബ്ദുള്ളയ്ക്കു വേണ്ടി ഹേബിയസ് കോര്‍പ്പസ്; ഹര്‍ജി നല്‍കിയത് എം.ഡി.എം.കെ നേതാവ് വൈകോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 11, 07:39 am
Wednesday, 11th September 2019, 1:09 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ക്കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് വേണ്ടി എം.ഡി.എം.കെ നേതാവ് വൈകോ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഫാറൂഖ് അബ്ദുള്ളയെ ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ഹര്‍ജിയില്‍ രാജ്യസഭാംഗം കൂടിയായ വൈകോ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 15-ന് ചെന്നൈയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ ഫാറൂഖ് അബ്ദുള്ളക്ക് പങ്കെടുക്കണമെന്നും എന്നാല്‍ ഇതുവരെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ ജന്മദിനത്തില്‍ എല്ലാ വര്‍ഷവും പരിപാടികള്‍ താന്‍ സംഘടിപ്പിക്കാറുള്ളതാണെന്നും അതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എത്താറുണ്ടെന്നും വൈകോ ചൂണ്ടിക്കാട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍വര്‍ഷങ്ങളിലും ഫാറൂഖ് ഈ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും കശ്മീര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും ഓഗസ്റ്റ് 29-നു കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് വൈകോ പറഞ്ഞു.

സര്‍ക്കാര്‍ നടപടിയെ ഏകപക്ഷീയമെന്നും പൂര്‍ണ്ണമായി നിയമവിരുദ്ധമെന്നുമാണ് വൈകോ വിശേഷിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് നാലുമുതല്‍ ശ്രീനഗറിലെ വീട്ടില്‍ ഫാറൂഖ് അബ്ദുള്ള തടങ്കലില്‍ക്കഴിയുകയാണ്. ഫാറൂഖിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി, സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരും വീട്ടുതടങ്കലിലാണ്.