പുതുപ്പള്ളിയിലെ നിര്‍ദിഷ്ട സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കും; കമ്മ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നല്‍കിയതില്‍ തെറ്റില്ല: എം.ബി രാജേഷ്
പുതുപ്പള്ളി: പുതുപ്പള്ളിയിലെ കമ്മ്യൂണിറ്റി ഹാളിന് പേര് നല്‍കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കം അനുചിതമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഇ.എം.എസിന്റെ പേരുനല്‍കിയതില്‍ തെറ്റില്ലെന്നും കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത് പൂര്‍ണമായും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുകൊണ്ടാണെന്നും എം.ബി രാജേഷ് വ്യക്തമാക്കി. കമ്മ്യൂണിറ്റ് ഹാളിന് ഇ.എം.എസിന്റെ പേര് നല്‍കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും ഇ.എം.എസിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതുപ്പള്ളിയില്‍ പുതുതായി നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
‘മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്മാരകമുണ്ടാക്കണമെന്നു തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കും. ഇത് ഉമ്മന്‍ചാണ്ടിയുടെ സ്മാരകമായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നു,’ മന്ത്രി വ്യക്തമാക്കി.
‘കേരളത്തിന്റെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ സ്മാരകങ്ങള്‍ അടുത്തടുത്തുണ്ടാവും. കേരളത്തിന്റെ രാഷ്ട്രീയമായ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യ ബോധത്തിന്റെയും പ്രതീകങ്ങളായി ഇവ ഉയര്‍ന്നുനില്‍ക്കും,’ മന്ത്രി പറഞ്ഞു.
മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുന്നതറിയിക്കാന്‍ മകന്‍ ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കി.
കമ്മ്യൂണിറ്റി ഹാളിന് പുതുപ്പള്ളിക്കാരനായ മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം നടത്തിയിരുന്നു.
Content Highlight: MB Rajesh says that the proposed civil station at puthuppally will be named after Oommenchandi; there is no wrong in civil station named after EMS