ഭോപ്പാൽ: രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ജബൽപൂറിലെ മേയർ ജഗത് ബഹാദൂർ സിങ് അന്നു കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ബി.ജെ.പി അധ്യക്ഷൻ വി.ഡി. ശർമ, മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അന്നു ഭോപ്പാലിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് അംഗത്വം നേടി.
കഴിഞ്ഞ 18 വർഷത്തിനിടയിൽ ജബൽപൂരിൽ നിന്നുള്ള ആദ്യ കോൺഗ്രസ് മേയറായിരുന്നു അന്നു.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥുമായും മുതിർന്ന കോൺഗ്രസ് നേതാവ് വിവേക് താൻകയുമായും അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു അന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഡബിൾ എൻജിൻ സർക്കാരിന്റെയും വികസന നയങ്ങളുടെ സഹായത്താൽ ജബൽപൂരിനെ ഒരു മെട്രോസിറ്റിയാക്കി മാറ്റുമെന്ന് ജഗത് സിങ് അന്നു പറഞ്ഞു.
അന്നുവിനെപ്പോലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് കോൺഗ്രസ് പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുണയിൽ മുൻമുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്റെ വിശ്വസ്തൻ സുമർ സിങ്ങും ബി.ജെ.പിയിലേക്ക് കൂടുമാറി.
‘ ഞാൻ എല്ലാകാലവും കോൺഗ്രസിനൊപ്പം ആണ് നിന്നത്. രാമക്ഷേത്ര വിഷയം കോൺഗ്രസ് കൈകാര്യം ചെയ്തതിൽ എനിക്ക് വളരെയധികം ദേഷ്യം തോന്നി. അതുകൊണ്ടാണ് ഞാൻ പാർട്ടി വിട്ടത്. രാമൻ നമ്മുടെ ദൈവമാണ് നമ്മൾ അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിക്കണം.
രാമനോട് അനാഥരവുള്ള ഒരു പാർട്ടിക്കൊപ്പം തുടരാൻ എനിക്ക് സാധിക്കില്ല. അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,’ സുമർ സിങ് പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു സുമർ സിങ് ബി.ജെ.പിയിൽ ചേർന്നത്.