സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന
Kerala News
സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 8:05 am

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ തീവ്രവ്യാപനം നേരിടാന്‍ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന. ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കൊവിഡ് കമ്മിറ്റിയോഗം നിര്‍ദേശിച്ചു.

വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം. കൊവിഡ് കണക്കുകള്‍ രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരാമാവധി വേഗത്തില്‍ രോഗികളെ പരിശോധിക്കുകയാണ് ലക്ഷ്യം. മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തും. ജില്ലാ ടി.പി.ആറിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തവരില്‍ കഴിഞ്ഞ പരിശോധനയില്‍ ഉള്‍പ്പെടാത്തവരെയും പരിശോധിക്കും. ആശുപത്രി ഒ.പികളില്‍ ഉള്ളവര്‍, കിടത്തി ചികിത്സയിലുള്ളവര്‍, ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവര്‍ എന്നിവരേയും പരിശോധിക്കും.

കഴിഞ്ഞ രണ്ട് തവണ രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് മൂന്ന് ലക്ഷത്തിലേറെ നടത്തിയിരുന്നു.
ഇന്നു രാത്രിയോടെ തിരുവനന്തപുരത്ത് രണ്ടര ലക്ഷം ഡോസ് വാക്‌സീന്‍ എത്തിക്കുമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള വിവരം.

അതേ സമയം കൊവിഡ് മുക്തനായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു തലസ്ഥാനത്ത് എത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ് സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കും.

ഇനി മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും അവലോകന യോഗം ചേരുക. അവലോകന യോഗങ്ങള്‍ക്ക് ശേഷം മുന്‍പത്തെ പോലെ അദ്ദേഹം മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mass testing to held today