ക്യാന്‍സറിനോട് മല്ലടിച്ച് ജീവിച്ച അവന്‍ രണ്ട് ദിവസം മുമ്പ് പോയി, ഈ ഗോള്‍ അവനുള്ളത്; വേറിട്ട സെലിബ്രേഷനെക്കുറിച്ച് റാഷ്‌ഫോഡ്
Football
ക്യാന്‍സറിനോട് മല്ലടിച്ച് ജീവിച്ച അവന്‍ രണ്ട് ദിവസം മുമ്പ് പോയി, ഈ ഗോള്‍ അവനുള്ളത്; വേറിട്ട സെലിബ്രേഷനെക്കുറിച്ച് റാഷ്‌ഫോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 4:30 am

ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സുമായുള്ള അവസാന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോഡ് രണ്ട് ഗോളും ഫില്‍ ഫോഡന്‍ ഒരു ഗോളുമാണ് നേടിയത്.

ഇതില്‍ റാഷ്‌ഫോഡ് തന്റെ ആദ്യ ഗോളിന് പിന്നാലെ നടത്തിയ സെലിബ്രേഷന്‍ മത്സരത്തിനിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുട്ടുകുത്തി നിന്ന് തന്റെ രണ്ട് കൈളും ഉയര്‍ത്തിപ്പിടിച്ച് കണ്ണടച്ച് മുകളിലേക്ക് തല ഉയര്‍ത്തിപ്പിടിച്ചാണ് താരം ഗോള്‍ നേട്ടം ആഘോഷിച്ചത്.

50ാം മിനിട്ടില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഇംഗ്ലീഷ് പടക്ക് ലീഡ് നേടിക്കൊടുത്തതിന് ശേഷമായിരുന്നു റാഷ്ഫോഡിന്റെ വേറിട്ട ആഘോഷം. ഈ പ്രത്യേക സെലിബ്രേഷനെ കുറിച്ച് പ്രതികരിക്കുകയാണ് റാഷ്‌ഫോഡ്.

ക്യാന്‍സര്‍ ബാധിതനായി രണ്ട് ദിവസം മുമ്പ് മരണപ്പെട്ട തന്റെ സുഹൃത്തിനായുള്ള സമര്‍പ്പണമാണ് ഈ സെലിബ്രേഷനെന്ന് താരം പറഞ്ഞു. ദി ടെലിഗ്രാഫിനോടായിരുന്നു റാഷ്‌ഫോഡിന്റെ പ്രതികരണം.

‘രണ്ട് ദിവസം മുമ്പ് എനിക്ക് എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. ക്യാന്‍സറിനോട് അവന്‍ വളരെക്കാലം പോരാടിയിരുന്നു. ഞാന്‍ അവനുവേണ്ടി സ്‌കോര്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്.

അവന്‍ എന്നെ വലിയ രീതിയില്‍ പിന്തുണച്ചവനും എന്റെ നല്ല സുഹൃത്തുമായിരുന്നു. എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രിയപ്പെട്ട ഒരാളായിരുന്നു,’ മാര്‍ക്കസ് റാഷ്ഫോര്‍ഡ് പറഞ്ഞു.

അതേസമയം, ആദ്യ രണ്ട് ഗ്രൂപ്പുകളുടെ മത്സരം പൂര്‍ത്തീകരിച്ചതോടെ, പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ ലൈനപ്പായി.

ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലിനെയും രണ്ടാം സ്ഥാനക്കാരായ അമേരിക്ക ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ നെതര്‍ലെന്‍ഡ്സിനെയും നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തില്‍ ഇറാനെ അമേരിക്ക ഒരു ഗോളിനാണ് തേല്‍പ്പിച്ചത്.