ഐ.പി.എല്‍ ചരിത്രത്തില്‍ ഒമ്പതാം തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനേറ്ററില്‍ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഇതോടെ ഐ.പി.എല്‍ കിരീടത്തിന് വേണ്ടിയുള്ള ബെംഗളൂരിന്റെ കാത്തിരിപ്പ് നീളുകയാണ്.
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
എലിമിനേറ്ററില്‍ ബെംഗളൂരിനെ തുണയ്ക്കാന്‍ ആര്‍ക്കും തന്നെ സാധിക്കാതെ വരുകയായിരുന്നു. തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആര്‍.സി.ബിയുടെ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്. സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.
‘ഗ്ലെന്‍ മാക്സ്വെല്‍ എല്ലായിപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്താറുണ്ട്. എന്നിരുന്നാലും ഐ.പി.എല്ലിലേക്ക് വരുമ്പോള്‍ ഒരു ഷോയും ഇല്ല. അവന് ലീഗിനോട് താല്‍പ്പര്യമില്ല. മത്സരത്തില്‍ പുറത്തായാലും അവന് ഒന്നുമില്ല . യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ട്, ചെക്കുകള്‍ എളുപ്പത്തില്‍ പണമാക്കപ്പെടുന്നു. അവന്‍ രാത്രിയില്‍ ആസ്വദിക്കുകയും ചിരിക്കുകയും ഫോട്ടോകള്‍ ക്ലിക്കുചെയ്യുകയും ചെയ്യുണ്ട്’ മനോജ് തിവാരി ക്രിക്ക്ബസില്‍ പറഞ്ഞു.
2024 ഐ.പി.എല്ലില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 52 റണ്‍സ് മാത്രമാണ് മാക്‌സ്വെല്‍ നേടിയത്. വെറും 28 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് സീസണില്‍ താരത്തിനുള്ളത്. 5.78 ആവറേജില്‍ 120.93 സ്ട്രൈക്ക് റേറ്റ് ആണ് താരം നേടിയത്. ആറ് ഫോറും രണ്ട് സിക്സ് മാത്രമാണ് താരം സീസണില്‍ അടിച്ചത്. മാത്രമല്ല ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോഡും താരത്തിന്റെതാണ്.
ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ മോശം നേട്ടത്തിന് ദിനേശ് കാര്‍ത്തിക്കിന്റെ ഒപ്പം തന്നെയാണ് മാക്സി ഇടം പിടിച്ചത്. 18 തവണയാണ് ആര്‍.സി.ബിയിലെ രണ്ടു താരങ്ങളും പൂജ്യം റണ്‍സിന് പുറത്തായത്. ഐ.പി.എല്‍ ചരിത്രത്തില്‍ 5.8 എന്ന ഏറ്റവും മോശം ആവറേജില്‍ ബാറ്റ് വീശുന്ന താരമാകാനും മാക്സ്വെല്ലിന് സാധിച്ചു.
മെയ് 24ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനേയാണ് നേരിടുന്നത്. മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Content Highlight: Manoj Tiwary Criticize Glenn Maxwell For Bad Performance