Advertisement
Entertainment news
ആകെ ടെന്‍ഷനിലാണ് ഇനിയെന്നെ കൂടുതല്‍ പേരറിയും: റോഡ് സൈഡില്‍ തൂക്കിയിടുന്ന ഷര്‍ട്ടില്ലെ, അതിട്ടാല്‍ നല്ല കംഫേര്‍ട്ടബിളാണ്‌; പ്രണവിനെ കുറിച്ച് മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 29, 03:12 pm
Tuesday, 29th March 2022, 8:42 pm

മലയാളത്തിന്റെ മഹാനടന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമെല്ലാം പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇവരോടൊപ്പം തന്നെ ശ്രദ്ധ നേടുന്ന ആളുകളാണ് ഇവരുടെ മക്കള്‍. പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുപോലെ ചര്‍ച്ചയാവാറുള്ള രണ്ട് താരങ്ങളാണ്.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും നടന്‍ മോനജ് കെ. ജയന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

‘സിനിമയില്‍ വന്ന സമയത്ത് തന്നെ മമ്മൂക്ക്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. രാവണപ്രഭുവിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നല്ല സ്വീറ്റ് ചേട്ടനാണ്. പ്രണവ് അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ തോന്നും.

ഇരുപത്തിയെന്നാം നൂറ്റാണ്ടില്‍ ഞാന്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനാണ്, എനിക്ക് പ്രമോഷനായിട്ടുണ്ട്. പ്രണവിനും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. ഈ അഭിമുഖത്തില്‍ പ്രണവാണെങ്കില്‍ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നാല്‍പ്പോരെയെന്ന് ചോദിക്കും. ലൊക്കേഷനില്‍ ഏതെങ്കിലും മൂലയില്‍ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് പറയുമ്പോള്‍ പോയി അഭിനയിക്കും.

സിനിമയുടെ പോപുലാരിറ്റി പ്രണവ് മോഹന്‍ലാലിന് ഇഷ്ടമില്ല. പുളളിയുടെ ഏറ്റവും വലിയ ടെന്‍ഷനും അതാണ്. ചിത്രീകരണത്തിനിടെ പ്രണവിനോട് ഇനിയെന്താണ് പരിപാടി എന്ന് ഞാന്‍ ചോദിച്ചിരുന്നു. ആകെ ടെന്‍ഷനിലാണ് എന്നായിരുന്നു മറുപടി. ഈ സിനിമ ഇറങ്ങും, ഇനിയെന്നെ കൂടുതല്‍ പേരറിയും. ഒരുപാട് പേര്‍ എന്നെ കാണും, തിരിച്ചറിയും. ലോകം മുഴുവന്‍ കറങ്ങുകയെന്നാണ് എന്റെ സ്വപ്നം.

ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത്, ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്, ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാല്‍ ഞാന്‍ നല്ല കംഫേര്‍ട്ടബിളാണ്‌. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. അതൊരു വലിയ ഭാഗ്യമാണെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlights: Manoj K Jayan says about Pranav Mohanlal