Advertisement
Film News
'ഇവനാണ് തെറ്റിച്ചതെന്ന് മമ്മൂക്ക പറഞ്ഞു, ഞാന്‍ പെട്ടെന്ന് തിരിച്ച് ചൂടായി, അതോടെ പണി പോയെന്ന് കരുതിയതാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 12, 07:45 am
Thursday, 12th January 2023, 1:15 pm

കാഴ്ച എന്ന സിനിമയില്‍ മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുട്ടനാടന്‍ കായലിലെ എന്ന ഗാനരംഗത്തില്‍ ഡാന്‍സ് കളിപ്പിക്കുന്നതിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സെലിബ്രിറ്റി കൊറിയോഗ്രാഫറും ഫെഫ്ക്ക ഡാന്‍സേര്‍സ് അസോസിയേഷന്‍ സെക്രട്ടറിയുമായ മനോജ് ഫിഡാക്ക്. തന്റെ സിനിമ ജീവിതം അന്നത്തോടെ തീര്‍ന്നു എന്ന് കരുതിയ നിമിഷമായിരുന്നു അതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് ഫിഡാക് പറഞ്ഞു.

‘മനോജ് കെ. ജയനും മമ്മൂക്കയുമായിട്ടുള്ള ഒരു ഷോട്ട് ആണ്. ക്യാമറ അവരുടെ ടോപ്പില്‍ ആണ് വെച്ചിരിക്കുന്നത്. കള്ള് കുടിക്കുമ്പോള്‍ മമ്മൂക്ക ഒന്ന് വളഞ്ഞ് വരേണ്ട സീനാണ്. മമ്മൂക്ക കറങ്ങി വന്ന് നില്‍ക്കേണ്ട സ്ഥലത്ത് ഒന്ന് കൈ വെക്കണമെന്ന് കൊറിയോഗ്രാഫര്‍ എന്നോട് പറഞ്ഞിരുന്നു.
ഞാന്‍ ശരി ഓക്കേ എന്ന് പറയുകയും ചെയ്തു. ഷോട്ട് ആയപ്പോള്‍ ഞാന്‍ കൈ വെച്ചു, സാര്‍ വളഞ്ഞു വന്നപ്പോള്‍ എന്റെ കയ്യില്‍ തട്ടി നില്‍ക്കുകയും ചെയ്തു.

എന്താണ് ഉണ്ടായതെന്ന് അറിയില്ല, ആ ഷോട്ട് റീടേക്ക് വന്നു. ഇവനാണ് എല്ലാം തെറ്റിച്ചതെന്ന് മമ്മൂക്ക പറഞ്ഞു, അപ്പോള്‍ തന്നെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. കുറച്ച് നേരത്തേക്ക് എല്ലാവരും സൈലന്റായി. അറിയാതെ പെട്ടെന്ന് ഷൗട്ട് ചെയ്താണ് പറഞ്ഞത്. എല്ലാം തീര്‍ന്നെന്ന് ഞാന്‍ വിചാരിച്ചു. കാരണം ഞാന്‍ ചൂടാകുന്നതുപോലെയല്ലെ മറുപടി പറഞ്ഞത്. അദ്ദേഹം അതോടുകൂടി എന്നോട് ദേഷ്യപെട്ട് പുറത്ത് പോകാന്‍ പറയുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല.

അന്നെന്താ ഉണ്ടായതെന്ന് അറിയില്ല എന്റെ ഭാഗത്ത് നിന്നുള്ള മിസ്റ്റേക്ക് ആണോ, അതോ ക്യാമറ സൈഡില്‍ നിന്നുള്ള മിസ്റ്റേക്ക് ആണോ ഇനി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നാണോ, എന്താണ് ഉണ്ടായതെന്ന് അറിയില്ല. അന്നങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടായി. അതിനു ശേഷം പാട്ടിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞ് ഇതൊക്കെ എവിടെ നിന്നുള്ള ഡാന്‍സേഴ്‌സ് ആണെന്ന് അദ്ദേഹം ചോദിച്ചിരുന്നു. പിന്നെ ഒന്നുമുണ്ടായില്ല അതങ്ങനെ പോയി,’ മനോജ് പറഞ്ഞു.

2004ലാണ് കാഴ്ച റിലീസ് ചെയ്തത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രം ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍നിന്നും വഴിതെറ്റി വന്ന പവന്‍ എന്ന ബാലന്റെയും ഫിലിം ഓപ്പറേറ്റര്‍ മാധവന്റെയും കഥയാണ് പറഞ്ഞത്.

Content Highlight: manoj fidac talks about mammootty