Advertisement
Movie Day
ബയോപിക്ക് വന്നാല്‍ ആരായിരിക്കും മഞ്ജുവാര്യര്‍ ആയി അഭിനയിക്കുക?; രസകരമായ മറുപടി നല്‍കി മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 06, 11:09 am
Friday, 6th August 2021, 4:39 pm

കൊച്ചി: സിനിമ പരാജയപ്പെടുമ്പോള്‍ അതിന് പിന്നിലെന്താണ് കാരണം എന്ന് സ്വയം വിലയിരുത്തി അത് തിരുത്താനുള്ള വഴി നോക്കുമെന്ന് നടി മഞ്ജു വാര്യര്‍.

അല്ലാതെ പരാജയപ്പെട്ടല്ലോ എന്നോര്‍ത്ത് ഇരുന്ന് സങ്കടപ്പെട്ട് സമയം കളയാറില്ലെന്നും മഞ്ജു പറഞ്ഞു. മുമ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

നല്ല കഥാപാത്രങ്ങള്‍ മാത്രം ചെയ്യണമെന്ന ആഗ്രഹം മാത്രമെ തനിക്ക് ഉള്ളുവെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ പേരില്‍ ഒരു ബയോപിക്ക് വന്നാല്‍ അതില്‍ ആര് അഭിനയിക്കുന്നതാണ് ഇഷ്ടമെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

‘പറ്റുമെങ്കില്‍ ഞാന്‍ തന്നെ അഭിനയിക്കും(ചിരിക്കുന്നു). ഇല്ല. അതൊക്കെ ആഗ്രഹിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്.

സാധാരണ ജീവിതം നയിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടി. അങ്ങനെ ഒരു ബയോപിക്ക് എടുക്കേണ്ട കാര്യങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഇല്ല. ഞാന്‍ ചെയ്തിട്ടുമില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.

അന്നും ഇന്നും താന്‍ ഒരു ഡയറക്ടേഴ്‌സ് ആക്ടര്‍ തന്നെയാണ്. അങ്ങനെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും അല്ലാതെ ക്രിയേറ്റീവായി ചിന്തിച്ച് എന്തെങ്കിലും സൃഷ്ടിക്കാനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും മഞ്ജു പറഞ്ഞു.

‘അതുകൊണ്ട് തന്നെ ഒരു സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്രയും പാലിക്കുക. ഒരു ടേക്ക് കഴിയുമ്പോള്‍ സംവിധായകന്റെ മുഖത്ത് അദ്ദേഹത്തിന് സംതൃപ്തിയുണ്ടോ എന്ന് നോക്കുക.

ഇതാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്. അത് ഒരു പക്ഷെ എന്റെ പരിമിതി ആയിരിക്കാം. ഞാനെപ്പോഴും ഒരു അളവ് കോലായി വെയ്ക്കുന്നത് സംവിധായകന്റെ ഓകെ ആണ്,’ മഞ്ജു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Manju Warrier About biopic