ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ?; മാണി സി കാപ്പന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പാലാ: പാലാ നിയോജകമണ്ഡലത്തില്‍ ചരിത്രവിജയവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍.
2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.
എല്‍.ഡി.എഫിന് 54137 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 511194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.
ഇതിനിടയില്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് മാണി സി കാപ്പന്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ പറഞ്ഞ വാചകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നത്. പാലായിലെ യു.ഡി.എഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം
‘പാലായില്‍ രാവിലെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ജോസ് ടോമിന്റെ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പടക്കങ്ങളും ലഡു ഒക്കെ തയ്യാറാണ്. അത് ഇനി പൊട്ടിക്കാനും വിതരണം ചെയ്യാനുമുള്ള സമയമേയുള്ളു. നിങ്ങളുടെ ക്യാമ്പിലെയോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇനി വാങ്ങിക്കണം. അത് പകുതിവിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
യു.ഡി.എഫിന് വലിയ തിരിച്ചടിയാണ് പാലായില്‍ നേരിട്ടത്. കേരളാ കോണ്‍ഗ്രസിലെ ഭിന്നതയാണ് തിരിച്ചടിയ്ക്കു കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ദിവസം നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല വിലയിരുത്തുന്നു. ജോസ് കെ. മാണി പക്ഷം എല്‍.ഡി.എഫിന് വോട്ടു മറിച്ചതാണ് തിരിച്ചടിയ്ക്കു കാരണമെന്നാണ് പി.ജെ ജോസഫ് ആരോപിക്കുന്നത്.