Football
മെസി പി.എസ്.ജിയില്‍ തുടരില്ല; ഖത്തര്‍ കോടീശ്വരന്‍ ഇതിഹാസത്തെ പുതിയ ക്ലബ്ബിലെത്തിക്കും; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 11, 03:48 am
Saturday, 11th March 2023, 9:18 am

ഖത്തറിലെ കോടീശ്വരനായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി ഇതിഹാസ താരം ലയണല്‍ മെസിയെ സൈന്‍ ചെയ്യിക്കുമെന്ന് റിപ്പോര്‍ട്ട്. 3335,000 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള അല്‍താനി ഓള്‍ഡ് ട്രാഫോര്‍ഡ് പേരിലാക്കി മെസിയെ സ്വന്തമാക്കാനൊരുങ്ങുകയാണെന്ന വിവരം മാധ്യമ പ്രവര്‍ത്തകന്‍ വില്യം എസ്‌ട്രെല്ല (Wiliam Estrella) യാണ് റിപ്പോര്‍ട്ട് ചെയ്തത്.

മെസിയുടെ ക്ലബ്ബ് ഫുട്ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്. 2021ലാണ് ബാഴ്സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തുന്നത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെസിയുടെ ക്ലബ്ബ് ഫുട്‌ബോളിലെ ഭാവിയെന്തെന്ന് ഉറ്റുനോക്കുമ്പോഴാണ് താരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിക്കുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ക്ലബ്ബിനെ അതിന്റെ മഹത്തായ ഭൂതകാലത്തിലേക്ക് കൊണ്ട് പോകുമെന്ന് ഷെയ്ഖ് ജാസിം ബിന്‍ ഹമദ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏകദേശം നാല് ബില്യണിലേറെ ഡോളറിനാവും ക്ലബ്ബിനെ ഖത്താരി ഉടമകള്‍ ഏറ്റെടുക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

നിലവില്‍ ഗ്ലെസേഴ്‌സ് കുടുംബമാണ് യുണൈറ്റഡിന്റെ ഉടമസ്ഥര്‍. ഗ്ലെസേഴ്‌സ് യുണൈറ്റഡിനായി വേണ്ട വിധത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നില്ല എന്ന് ചൂണ്ടികാട്ടി ആരാധകര്‍ ഈ സീസണിന്റെ ആദ്യത്തില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

വളരെ മോശം അവസ്ഥയിലുള്ള ക്ലബ്ബിന്റെ സ്റ്റേഡിയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുതിയ ഉടമസ്ഥര്‍ വരുന്നതോടെ മെച്ചപ്പെടും എന്നാണ് ആരാധക പ്രതീക്ഷ.

Content Highlights: Manchester United will sign with Lionel Messi, says report